ഏകദിന ലോകകപ്പ് ഫൈനല്‍: ഇന്ത്യ 65 റണ്‍സിന് ഓള്‍ഔട്ടാകും, 385 റണ്‍സിന് തോല്‍ക്കും: പ്രവചിച്ച് മാര്‍ഷ്

ഏകദിന ലോകകപ്പ് ഫൈനല്‍ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം ഉറപ്പായതോടെ ഓസീസ് വെടിക്കെട്ട് താരം മിച്ചെല്‍ മാര്‍ഷിന്റെ പ്രവചനം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. ഫൈനലില്‍ ഇന്ത്യയെ 385 റണ്‍സിനു തകര്‍ത്ത് ഓസ്ട്രേലിയ ജേതാക്കളാവുമെന്നായിരുന്നു ലോകകപ്പ് ടൂര്‍ണമെന്റിനിടെ മാര്‍ഷ് പ്രവചിച്ചത്.

ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 450 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തും. മറുപടിയില്‍ ഇന്ത്യ വെറും 65 റണ്‍സിനു പുറത്താവുമെന്നാണ് മാര്‍ഷിന്റെ പ്രവചനം. ആരാധകര്‍ രോഷത്തോടെയും പരിഹാസത്തോടെയുമായിരുന്നു ഇതിനോടു പ്രതികരിക്കുന്നത്.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് ഇന്ത്യ- ഓസ്ട്രേലിയ കിരീടപ്പോരാട്ടം നടക്കുന്നത്. ടൂര്‍ണമെന്റിലെ ഒരു കളി പോലും തോല്‍ക്കാതെ അപരാജിതരായാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. മറുഭാഗത്തു ആദ്യത്തെ രണ്ടു കളിയും തോറ്റു കൊണ്ടു തുടങ്ങിയ ഓസീസ് പിന്നീട് തുടരെ എട്ടു മല്‍സരങ്ങളില്‍ ജയിച്ച് ഫൈനലിലേക്കു കുതിക്കുകയായിരുന്നു.

ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ഒരിക്കല്‍ മാത്രമേ നേരത്തേ മുഖാമുഖം വന്നിട്ടുള്ളൂ. 2003ല്‍ സൗത്താഫ്രിക്ക വേദിയായ ടൂര്‍ണമെന്റിലായിരുന്നു ഇത്. അന്നു ഇന്ത്യയെ 125 റണ്‍സിന് തകര്‍ത്ത് ഓസീസ് കിരീടമുയര്‍ത്തിയിരുന്നു.