ഏകദിന ലോകകപ്പ്: മാക്‌സ്‌വെൽ പറഞ്ഞത് തെറ്റ്, ഞാൻ അതിനോട് വിയോജിക്കുന്നു; സഹതാരം പറഞ്ഞതിന് എതിരെ വാർണർ

ലോകകപ്പിലെ 24-ാം മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച പ്രകടനമാണ് ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ്‌വെൽ. വെറും 40 പന്തില്‍ താരം നേടിയ സെഞ്ച്വറി, ഏകദിന ഇന്റര്‍നാഷണല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ നാലാമത്തെയും ലോകകപ്പിലെ എക്കാലത്തെയും വേഗമേറിയതുമായ സെഞ്ച്വറിയായി ഇത് മാറിയിരുന്നു. എന്നിരുന്നാലും, ഈ അസാധാരണ നേട്ടത്തിന്റെ ആഘോഷത്തിനിടയില്‍, ചില ലോകകപ്പ് മത്സരങ്ങളിലെ സ്ഥിരം ഫീച്ചറായി മാറിയ മിഡ്-ഇന്നിംഗ്സ് ലൈറ്റ് ഷോകളോടുള്ള തന്റെ വിയോജിപ്പ് മാക്‌സ്‌വെല്‍ പ്രകടിപ്പിച്ചു.

മിഡ് ഇന്നിംഗ്സ് ലൈറ്റ് ഷോ തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി എന്ന ഓസ്‌ട്രേലിയൻ താരത്തിന്റെ അഭിപ്രായം വലിയ ചർച്ചകൾക്ക് കാരണമായി. എന്നാൽ മറ്റൊരു സെഞ്ച്വറി വീരൻ ഡേവിഡ് വാർണറിന് ഈ അഭിപ്രായത്തോട് വിയോജിപ്പ് ഉണ്ട്. മാക്സ്‌വെല്ലിന് ലൈറ്റ് ഷോ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുക ആണെങ്കിൽ തനിക്ക് അത് ആവേശം സൃഷ്ടിക്കുക ആണെന്ന അഭിപ്രായമാണ് താരം പറഞ്ഞത്.

അദ്ദേഹം കുറിച്ചത് ഇങ്ങനെ: “എനിക്ക് ലൈറ്റ് ഷോ വളരെ ഇഷ്ടപ്പെട്ടു, എന്തൊരു അന്തരീക്ഷം ആയിരുന്നു ഇന്നലെ. ഇതെല്ലാം ആരാധകർ കാരണമാണ് കിട്ടിയത്. നിങ്ങളില്ലാതെ ഞങ്ങൾക്കിഷ്ടമുള്ളത് ചെയ്യാൻ കഴിയില്ല.” വാർണർ കുറിച്ചു. ലോകകപ്പിലെ തുടർച്ചയായ തന്റെ രണ്ടാമത്തെ സെഞ്ചുറിയാണ് താരം അടിച്ചുകൂട്ടിയത്. മോശം ഫോമിന്റെ കാലത്തെ അതിജീവിച്ച് വാർണർ തിരിച്ചുവന്നത് ഓസ്‌ട്രേലിയക്ക് ആവേശം നൽകുന്ന കാര്യമാണ്.

ഒരു ക്രിക്കറ്റ് മത്സരത്തിനിടയില്‍ കളിക്കാരുടെ ശ്രദ്ധ തെറ്റിക്കുന്ന ഇത്തരം ആശയത്തെ നേരത്തെ മാക്‌സ്‌വെൽ വിമര്‍ശിച്ചു. പ്രത്യേകിച്ചും കളിക്കാര്‍ വേഗത്തില്‍ ചലിക്കുന്ന പന്തുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനനുസരിച്ച് അവരുടെ കാഴ്ചപ്പാട് ക്രമീകരിക്കുകയും വേണമെന്നിരിക്കെ കാഴ്ച കുറേ നേരത്തേക്ക് മന്ദീഭവിപ്പിക്കുന്ന ഈ പ്രക്രിയ ക്രിക്കറ്റിന് ചേര്‍ന്നതല്ലെന്ന് താരം പറഞ്ഞു.

Read more

ഒരു ബിഗ് ബാഷ് ഗെയിമിനിടെ പെര്‍ത്ത് സ്റ്റേഡിയത്തില്‍ ലൈറ്റ് ഷോ പോലെയുള്ള ഒന്ന് സംഭവിച്ചു. അത് എനിക്ക് തലവേദന നല്‍കിയതായി എനിക്ക് തോന്നി, എന്റെ കണ്ണുകള്‍ ശരിയാക്കാന്‍ കുറച്ച് സമയമെടുത്തു. ഈ സാഹചര്യം ചിലപ്പോള്‍ ഞങ്ങള്‍ക്ക് ഒരു വിക്കറ്റ് തന്നെ നഷ്ടപ്പെടുത്തിയേക്കാം. ഇത് ക്രിക്കറ്റ് കളിക്കാരെ സംബന്ധിച്ച് മോശമായ ആശയമാണെന്ന് ഞാന്‍ കരുതുന്നു- മാക്‌സ്‌വെല്‍ പറഞ്ഞു.