ആരാധകര്‍ക്ക് ഒന്നേ പറയാനുള്ളു.., 'കപ്പുമായി അല്ലാതെ തിരിച്ചു കയറാമെന്നു കരുതേണ്ട '

ഇന്നലകളുടെ ക്രിക്കറ്റ് ഓര്‍മ്മകളില്‍, എട്ടാമനായി ക്ലൂസ്നറും, ഒമ്പതാമനായി ഷോണ്‍ പൊള്ളൊക്കും ബാറ്റിംഗിന് ഇറങ്ങുന്ന ഒരു ക്രിക്കറ്റ് ടീമുണ്ടായിരുന്നു . അവിടെ, ന്യൂബോള്‍ എറിയുകയും ഫസ്റ്റ് ഡൗണില്‍ ബാറ്റ് ചെയ്ത് ഇന്നിങ്‌സ് അംഗര്‍ ചെയ്യുകയും ചെയ്തിരുന്നൊരു ജാക്ക് കാലിസുണ്ടായിരുന്നു.
തീരുന്നില്ല, ബാറ്റിംഗില്‍ മദ്ധ്യനിരയുടെ മര്‍മ്മമായി നില്‍ക്കുകയും, ബൗള്‍ ചെയ്യുമ്പോള്‍ ബ്രേക്ക് ത്രൂകള്‍ കൊണ്ട് വരികയും ചെയ്തിരുന്ന, സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍കര്‍ ‘താന്‍ നേരിട്ട ഏറ്റവും വിഷമം പിടിച്ച ബൗളര്‍’ എന്ന് വിശേപ്പിച്ചൊരു ഹാന്‍സി ക്രോണ്യയുമുണ്ടായിരുന്നു. അങ്ങനെ ആരും കൊതിക്കുന്ന ക്വാളിറ്റി ഓള്‍റൗണ്ടര്‍മാര്‍ നിറഞ്ഞു തുളുമ്പിയൊരു അക്ഷയഖനിയുടെ പേരായിരുന്നു ദക്ഷിണാഫ്രിക്ക.

എന്നാല്‍ കാലം തീവണ്ടി പോലെ ചൂളം വിളിച്ചു കടന്നു പോയപ്പോള്‍, ആ വലിയ ലഗസിയുടെ ഭാരം ചുമക്കാനാവാതെ ജസ്റ്റിന്‍ കെമ്പുമാരും, ആല്‍ബി മോര്‍ക്കല്‍മാരും, ക്രിസ് മോറിസ്മാരുമൊക്കെ വീണുപോയപ്പോള്‍, 2015 ലോകകപ്പില്‍ എ ബി ഡിവില്ലിയെഴ്സിന് അഞ്ചാം ബൗളറാകേണ്ടി വരുന്നൊരു ഗതികേടിന്റെ പേരും ദക്ഷിണാഫ്രിക്കയെന്ന് തന്നെയായിരുന്നു.

പിന്നീടിങ്ങോട്ട് ക്വാളിറ്റി ഓള്‍റൗണ്ടര്‍മാരുടെ ക്ഷാമം അനുഭവിച്ചുകൊണ്ടിരുന്ന ഒരു ടീമിനെ, നടാടെ സമ്പല്‍ സമൃദ്ധമായ ഇന്നലകളുടെ ഗതകാല സ്മരണകളിലേക്ക് കൂട്ടികൊണ്ട് പോകുകയാണ് മാര്‍ക്കോ ജാന്‍സന്‍. സബ് കൊണ്ടിനെന്റില്‍ വിരാട് കോഹ്ലിയെ സ്ട്രഗിള്‍ ചെയ്യിക്കുന്ന നീണ്ടു മെലിഞ്ഞുരു പയ്യനെ കുറച്ച് നാള്‍ മുമ്പ് കണ്ടപ്പോള്‍, ഇവനിലൊരു യോഗ്യനായ പേസറുണ്ട് എന്ന് തോന്നിയിരുന്നു. എന്നാല്‍, അതിനുമപ്പുറം വിനാശകാരിയായ ഒരു ബാറ്റര്‍ കൂടിയുണ്ട് എന്ന് ഈ രാത്രി കൂട്ടിചേര്‍ക്കേണ്ടിയിരിക്കുന്നു.

ക്ലാസനെ കൂടി പരാമര്‍ശിക്കാതെ പോകുന്നത് നീതികേടാണ്. മുകളില്‍ പറഞ്ഞ ആ അക്ഷയഖനികൂട്ടം, സ്പിന്നര്‍മാര്‍ക്ക് മുന്‍പില്‍ ചീട്ടുകൊട്ടാരം പോലെ തകരുന്നത് ഒരുപാട് കണ്ടിട്ടുണ്ട്. 99 സെമിയില്‍, അലന്‍ ഡോണാള്‍ഡിന്റെ മണ്ടത്തരത്തിന് പിന്നില്‍ കുറ്റമാരോപിച്ച് ഒളിച്ചിരിക്കുന്ന, ഷെയ്ന്‍ വോണ്‍ ദണ്ടിമാര്‍ച്ച് നടത്തിയൊരു മദ്ധ്യനിരയുണ്ട്. വോണിനെ കണ്ടാല്‍ പേടിച്ചരണ്ട് ആയുധം വെച്ച് കീഴടങ്ങിയിരുന്നോരു ഡാരല്‍ കുള്ളിനനുണ്ട്. ഗിബ്‌സിന്റെ സെഞ്ച്വറിയില്‍ ജയിച്ചെന്ന് ഉറപ്പിച്ചൊരു ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനല്‍, വീരേന്ദര്‍ സേവാഗിന്റെ പാര്‍ട്ട് ടൈം സ്പിന്നിന് മുന്നില്‍ വെള്ളം കുടിച്ച് തുഴഞ്ഞു തോല്‍പ്പിക്കുന്നൊരു പേരു കേട്ട ക്ലൂസ്‌നറും, ബൗച്ചറും കാലിസുമുണ്ട്.

ദക്ഷിണാഫ്രിക്കയുടെ ആ സ്പിന്‍ ദൗര്‍ബല്യങ്ങളുടെ ഇന്നലകള്‍ക്ക്, ഇന്നിന്റെ വിസ്‌ഫോടനാത്മകമായ മറുപടിയാണ് ഹെന്റിക്ക് ക്ലാസന്‍. റസ്സലിംഗ് റിങ്ങിനുള്ളില്‍ എതിരാളികളുടെ ഊര്‍ജത്തെ ഒരു നോട്ടം കൊണ്ട് ബാഷ്പ്പീകരിച്ചു കളയുന്ന ‘അണ്ടര്‍ടെയ്ക്കറുടെ’ കണ്ണിലെ തീഷ്ണതയാണ് ക്രീസില്‍ നില്‍ക്കുന്ന ക്ലാസ്സനിലും കാണാന്‍ സാധിക്കുന്നത്.

സുദൃഢമായൊരു ടോപ് ഓര്‍ഡറും, വിനാശം സൃഷ്ടിക്കുന്നൊരു ലോവര്‍ മിഡില്‍ ഓര്‍ഡറും അവരെ സ്വപ്നം കാണിക്കുകയാണ്. കയ്യില്‍ നിന്നും പലകുറി വഴുതിവീണു പോയ വിശ്വ വിജയികള്‍ക്കുള്ള ആ കപ്പ് ഇക്കുറി കൈപടിയില്‍ ഒതുക്കാനാവുമെന്ന വലിയ സ്വപ്നം.

ഗ്രൗണ്ടില്‍ തളര്‍ന്നിരിക്കുന്ന ക്ലാസനോട് ജാന്‍സന്‍ പറയുന്നുണ്ട്, ‘സെഞ്ച്വറി അടിക്കാതെ തിരിച്ചു കയറാമെന്നു കരുതേണ്ട’. ദക്ഷിണാഫ്രിക്കന്‍ ആരാധകരും ഈ ടീമിനോട് ഒരേ സ്വരത്തില്‍ പറയുന്നു, ‘കപ്പുമായി അല്ലാതെ തിരിച്ചു കയറാമെന്നു കരുതേണ്ട.’

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍