ഏകദിന ലോകകപ്പ്: 'നായകസ്ഥാനം പട്ടുമെത്തയാണെന്ന് കരുതിയോ..'; ബാബറിനെ കടന്നാക്രമിച്ച് അഫ്രീദി

ഏകദിന ലോകകപ്പിലെ പാകിസ്ഥാന്റെ തുടര്‍തോല്‍വികളില്‍ നായകന്‍ ബാബര്‍ അസമിനെ വിമര്‍ശിച്ച് മുന്‍ താരം ഷാഹിദ് അഫ്രീദി. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ ബാബറിന് കഴിയുന്നില്ലെന്നും എതിരാളികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നത് ക്യാപ്റ്റന്റെ ജോലിയാണെന്നും അഫ്രീദി കുറ്റപ്പെടുത്തി.

ദേശീയ ടീമിന്റെ ക്യാപ്റ്റനാകുക എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. പക്ഷെ അത് പട്ടുമെത്തയാണെന്ന് തെറ്റിദ്ധരിക്കരുത്. നല്ലത് ചെയ്താല്‍ എല്ലാവരും അഭിനന്ദിക്കും. എന്നാല്‍ പിഴവ് പറ്റിയാല്‍ എല്ലാവരും കുറ്റപ്പെടുത്തും. പൊരുതാന്‍ തയാറാവുന്നവര്‍ക്ക് മാത്രമെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവു.

ഫീല്‍ഡിംഗില്‍ ക്യാപ്റ്റന്‍ പന്ത് പിടിക്കാനായി ഡൈവ് ചെയ്യുയോ അതിനായി ശ്രമിക്കുകയോ ചെയ്താല്‍ സഹതാരങ്ങള്‍ക്കും അങ്ങനെ ചെയ്യാതിരിക്കാനാവില്ല. കാരണം, ക്യാപ്റ്റന്‍ അങ്ങനെ ചെയ്യുമ്പോള്‍ കൂടെയുള്ളവര്‍ അത് ചെയ്തില്ലെങ്കില്‍ അവര്‍ സ്വയം പരിഹാസ്യരാകും.

ഞാനും മുഹമ്മദ് യൂസഫുമൊക്കെ ക്യാപ്റ്റനായിരുന്നപ്പോഴെല്ലാം സഹതാരങ്ങളുടെ ഓരോ മികച്ച പ്രകടനത്തിനും അവരെ ഓടിപ്പോയി അഭിനന്ദിക്കുമായിരുന്നു. അതുവഴി ടീമിനാകെ ഒരു ഉണര്‍വ് കിട്ടും. ക്യാപ്റ്റന്‍ ഒന്നും ചെയ്തില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ടീമിന് പ്രചോദനം ലഭിക്കുക. എതിരാളികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നത് ക്യാപ്റ്റന്റെ ജോലിയാണ്- അഫ്രീദി പറഞ്ഞു.

ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് മികച്ച തുടക്കം നടത്തിയ പാകിസ്ഥാനെ പിന്നീട് ഹാട്രിക് തോല്‍വിയാണ് കാത്തിരുന്നത്.  ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരെ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങി. ഇതില്‍ അഫ്ഗാനോടേറ്റ തോല്‍വി പാകിസ്ഥാന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. വലിയ വിമര്‍ശനമാണ് ടീമിനെതിരെ ഉയരുന്നത്.