തന്റെ ക്രിക്കറ്റ് കരിയറിൽ ഉടനീളം ലോകം കണ്ട ഏറ്റവും വിനാശകാരിയായ ഒരു ഇടംകൈയന്‍ പേസ് ബോളര്‍ എന്ന നിലയില്‍ അയാള്‍ തികച്ചും അസാധാരണന്‍ തന്നെയായിരുന്നു

ഷമീല്‍ സലാഹ്

മുന്‍ ഓസ്ട്രേലിയന്‍ പേസറും അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഏറ്റവും ഭയാനകമായ ഫാസ്റ്റ് ബോളര്‍മാരിലൊരാളുമായ ഡെന്നീസ് ലില്ലിയുടെ സഹായത്തോട് കൂടി 1987ല്‍ ചെന്നൈ ആസ്ഥാനമാക്കി ഫാസ്റ്റ് ബോളര്‍മാരെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു കോച്ചിംഗ് ക്ലിനിക്കായി MRF പേസ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനം തുടക്കം കുറിക്കുന്നത്.

1990കളുടെ തുടക്കത്തോടെ മറ്റ് രാജ്യങ്ങളിലെ യുവ പേസ് ബോളര്‍ക്കും ഇതിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും ചെയ്തു. അതിലൂടെ ചില മികച്ച ഫാസ്റ്റ് ബോളിംഗ് പ്രതിഭകളെ രൂപപ്പെടുത്തി കൊണ്ട് ലോക ക്രിക്കറ്റിന് എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളര്‍മാരെ നല്‍കുന്നതില്‍ ഇതിഹാസ താരമായ ഡെന്നിസ് ലില്ലി പ്രധാനമായ ഒരു പങ്കും വഹിച്ചിട്ടുണ്ട്. ജവഗല്‍ ശ്രീനാഥ്, വെങ്കടേശ് പ്രസാദ്, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, എസ്. ശ്രീശാന്ത്, മുനാഫ് പട്ടേല്‍ etc… എന്നിവരെല്ലാം MRF പേസ് ഫൗണ്ടേഷനില്‍ പരിശീലനം നേടി ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങളാണ്. ഇവര്‍ക്കെല്ലാം പുറമെ ഗ്ലൈന്‍ മഗ്രാത്ത്, മിച്ചല്‍ ജോണ്‍സണ്‍, ബ്രെറ്റ് ലീ, മുഹമ്മദ് ആസിഫ്, ഹീത്ത് സ്ട്രീക്ക്, ഹെന്റി ഒലോംഗ etc .. തുടങ്ങി മറ്റ് രാജ്യങ്ങളെ പ്രതിനിധീകരിച്ച താരങ്ങളെല്ലാം ഇവിടെ നിന്നും പരിശീലനം നേടിയിട്ടുമുണ്ട്.

ഈ ഫൗണ്ടേഷന്റെ തുടക്കം തന്റെ സ്‌കൂള്‍ കാലഘട്ടത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു ഫാസ്റ്റ് ബോളറാക്കാന്‍ വേണ്ടി ഇവിടേക്ക് പരിശീലനം നേടാന്‍ വന്നപ്പോള്‍., ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് പറഞ്ഞ് സച്ചിന് മേല്‍ നിര്‍ണായക വിധി പറയുകയും ചെയ്ത ആള് കൂടിയാണ് ഡെന്നീസ് ലില്ലി. എന്നാല്‍ തന്റെ വിധികളില്‍ ഭൂരിഭാഗവും ശരിയായത് പോലെ ഡെന്നീസ് ലില്ലിക്ക് തെറ്റിയ സന്ദര്‍ഭവും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇടംകൈയന്‍ പേസര്‍മാരില്‍ ഒരാളായി മാറിയ ശ്രീലങ്കയുടെ ചാമിന്ദ വാസ് അതിലൊരു പ്രധാനിയായിരുന്നു.

90കളുടെ തുടക്കത്തിലാണ് അന്നത്തെ ഒരു യുവ വാഗ്ദാനമായി കണക്ക് കൂട്ടിയിരുന്ന ചാമിന്ദ വാസ് MRF പേസ് ഫൗണ്ടേഷനിലേക്ക് ഡെന്നീസ് ലില്ലിക്ക് കീഴില്‍ പരിശീലനത്തിനായി എത്തുന്നത്. അക്കൂട്ടത്തില്‍ പില്‍ക്കാലത്ത് ശ്രീലങ്കയ പ്രതിനിധീകരിച്ച താരങ്ങളായ രവീന്ദ്ര പുഷ്പകുമാരയും, എറിക് ഉപശാന്തയുമൊക്കെ ഉണ്ടായിരുന്നു. പരിശീലന വേളയില്‍ ഡെന്നിസ് ലില്ലിയുമായി സംസാരിക്കാനും എന്തെങ്കിലുമൊക്കെ പഠിക്കാനും എപ്പോഴും ഇവര്‍ പോകുകയും ചെയ്തിരുന്നു.

എന്നാല്‍ ചാമിന്ദ വാസിന്റെ അന്നത്തെ ബോളിംഗ് കണ്ടിരുന്ന ഡെന്നീസ് ലില്ലിക്ക് അത്ര തൃപ്തികരമായി തോന്നിയിരുന്നില്ല. ഒരിക്കല്‍ നെറ്റ്‌സില്‍ പന്തെറിയുന്നത് കണ്ട് ഒരു അന്താരാഷ്ട്ര കളിക്കാരനാകാന്‍ തനിക്ക് വേണ്ടതൊന്നും ഇല്ലെന്ന് ഡെന്നീസ് ലില്ലി ചാമിന്ദ വാസിന്റെ മുഖത്ത് നോക്കി പറയുകയും ചെയ്തു . ഈ പ്രവചനം വാസിനെ ഏറെ അസ്വസ്ഥനാക്കി, സങ്കടം മൂലം അദ്ദേഹം കരയുകയും ചെയ്തു. മാത്രവുമല്ല, ഒപ്പമുണ്ടായിരുന്ന പുഷ്പകുമാരയും, ഉപശാന്തയുമൊക്കെ ലോക പ്രശസ്ത ബൗളര്‍മാര്‍ ആയിത്തീരുകയും ചെയ്യും എന്ന് ലില്ലി പ്രവചിക്കുകയും ചെയ്തു.
എന്നാല്‍.., ഡെന്നീസ് ലില്ലി തന്നെ കുറിച്ച് പറഞ്ഞത് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് കൊണ്ട് അത് തെറ്റാണെന്ന് തെളിയിക്കാന്‍ ചാമിന്ദ വാസ് അവിടന്നങ്ങോട്ട് തീരുമാനിച്ചു. കൂടാതെ മറ്റൊരു ശ്രീലങ്കന്‍ ബൗളര്‍ക്കും പൊരുത്തപ്പെടാന്‍ കഴിയാത്ത ഒരു കരിയര്‍ ചാമിന്ദ വാസ് ആരംഭിക്കുകയും ചെയ്തു..

പിന്നീട് നമുക്കെല്ലാം അറിയുന്ന പോലെ ലോക ക്രിക്കറ്റ് കണ്ടതില്‍ വെച്ച് ഏറ്റവും വിനാശകാരിയായ ഒരു ഇടംകയ്യന്‍ ഫാസ്റ്റ് ബൗളര്‍ എന്ന നിലയില്‍ സ്ഥിരതയാര്‍ന്ന നീണ്ട 15 വര്‍ഷത്തെ തിളക്കമാര്‍ന്ന കരിയറില്‍ 111 ടെസ്റ്റുകളും , 332 ഏകദിനങ്ങളും അടക്കം മൊത്തം 761 വിക്കറ്റുകളുമായി, അതേ ഡെന്നീസ് ലില്ലിയേക്കാള്‍ കൂടുതല്‍ അന്താരാഷ്ട്ര വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് ഒടുക്കം ചാമിന്ദ വാസ് തന്റെ കളി അവസാനിപ്പിക്കുകയാണ്.. എന്നാലോ.., ലോക പ്രശസ്ത ബൗളര്‍മാര്‍ ആയിത്തീരുമെന്ന് ലില്ലി സൂചിപ്പിച്ച പുഷ്പകുമാരയും, ഉപശാന്തയുമൊക്കെ കരിയര്‍ പാതി വഴിയില്‍ തീര്‍ന്ന് എവിടെയുമെത്താതെ തങ്ങളുടെ കളികള്‍ അവസാനിക്കേണ്ടി വരുകയും ചെയ്തു.

തന്നെ കുറിച്ച് അന്ന് ലില്ലി പ്രവചിച്ച ശേഷം ചാമിന്ദ വാസ് തന്നെ പില്‍കാലത്ത് അതേ കുറിച്ച് പറയുകയുണ്ടായി: ‘അന്നു മുതല്‍ കഠിനമായ പരിശീലനത്തിലൂടെ ഈ കായിക ഇനത്തോട് സ്വയം സമര്‍പ്പിക്കുമെന്ന് ഞാന്‍ ഉറപ്പിച്ചു. കഠിനാധ്വാനവും അര്‍പ്പണബോധവും ഉണ്ടെങ്കില്‍ നമുക്ക് ഒരുപാട് ദൂരം പോകാം. അത് കൊണ്ട് ഞാന്‍ ഈയൊരു കാര്യത്തില്‍ വിശ്വസിക്കുന്നു ‘.
മാത്രവുമല്ല, തന്റെ കളിജീവിതത്തിനിടയില്‍ ഓരോ തവണ ലില്ലിയെ കണ്ട് മുട്ടുമ്പോഴും തന്നെ കുറിച്ചുള്ള പ്രവചനം ഓര്‍മ്മപ്പെടുത്താറുണ്ടെന്നും, അതിന് പകരമായി ലില്ലി തന്നെ പ്രശംസിക്കാറുണ്ടെന്നും വാസ് പറയുന്നു.

രണ്ടായിരങ്ങളിലെ ശ്രീലങ്കയുടെ ഒരു ഓസ്‌ട്രേലിയന്‍ ടൂറിനിടെ ലില്ലിയെ കണ്ട്മുട്ടിയ വേളയില്‍ വാസ് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ ലില്ലി പറഞ്ഞത് : ഞാന്‍ നിന്നെ കുറിച്ച് അഭിമാനിക്കുന്നു എന്നും, നീ അസാധാരണനാണെന്നും എന്നായിരുന്നു. അതെ, തന്റെ ക്രിക്കറ്റ് കരിയറിലുടനീളം ലോകം കണ്ട ഏറ്റവും വിനാശകാരിയായ ഒരു ഇടംകയ്യന്‍ പേസ് ബൗളര്‍ എന്ന നിലയില്‍ ചാമിന്ദ വാസ് തികച്ചും അസാധാരണന്‍ തന്നെയായിരുന്നു..

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍