ഇന്ത്യയ്ക്ക് ഇന്ന് പ്രോട്ടീസ് പരീക്ഷ; പ്ലെയിംഗ് ഇലവന്‍ ഇങ്ങനെ, കാലാവസ്ഥ

ടി20 ലോകകപ്പില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. വ്യാഴാഴ്ച സിഡ്നിയില്‍ നടന്ന ലോകകപ്പ് രണ്ടാം ഏറ്റുമുട്ടലില്‍ നെതര്‍ലാന്‍ഡ്‌സിനെ 56 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ എത്തുമ്പോള്‍ മറുവശത്ത് പ്രോട്ടീസ് ബംഗ്ലാദേശിനെ 104 റണ്‍സിന് പരാജയപ്പെടുത്തിയാണ് വരുന്നത്. ഗ്രൂപ്പ് 2 പോയിന്റ് നിലയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക തൊട്ടുപിന്നാലെ രണ്ടാമതുമാണ്.

മത്സരം നടക്കുന്ന പെര്‍ത്തിലെ താപനില ഏകദേശം 18 ഡിഗ്രി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാത്രി കഴിയുന്തോറും അത് കുറഞ്ഞു വരും. നല്ല വാര്‍ത്ത എന്തെന്നാല്‍, രാത്രിയില്‍ പ്രതീക്ഷിക്കുന്ന മഴയുണ്ടാകില്ല, ഈര്‍പ്പത്തിന്റെ അളവ് ഏകദേശം 51% ആയിരിക്കും. അതിനാല്‍ മത്സരത്തില്‍ മഴ വില്ലനാവില്ലെന്ന് പ്രതീക്ഷിച്ചേക്കാം.

ഇന്ത്യന്‍ സമയം 4.30 നാണ് മത്സരം ആരംഭിക്കുക. നാലിനാണ് ടോസ്. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയും ലൈവായി കണാം. കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ ഇന്ത്യ മാറ്റമൊന്നും വരുത്താന്‍ സാധ്യതയില്ല.

ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍.