CSK VS PBKS: 39 ബോളില്‍ സെഞ്ച്വറി, ഒമ്പത് സിക്‌സും ഏഴുഫോറും, ഞെട്ടിച്ച് പഞ്ചാബിന്റെ യുവ ഓപ്പണര്‍, ഒറ്റകളികൊണ്ട് സൂപ്പര്‍സ്റ്റാറായി പ്രിയാന്‍ഷ് ആര്യ

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 39 ബോളില്‍ സെഞ്ച്വറിയടിച്ച് പഞ്ചാബ് കിങ്‌സിന്റെ യുവ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ. അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ടീം സമ്മര്‍ദത്തിലായ സമയത്തായിരുന്നു 24കാരന്‍ സിഎസ്‌കെയ്‌ക്കെതിരെ കത്തിക്കയറിയത്. ഒമ്പത് സിക്‌സുകളും ഏഴ് ഫോറുകളുമാണ് ചെന്നൈക്കെതിരെ പ്രിയാന്‍ഷ് നേടിയത്. 245.24 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. പഞ്ചാബിന്റെ പ്രധാന ബാറ്റര്‍മാരെല്ലാം ഇന്ന് രണ്ടക്കം കാണാതെയാണ് പുറത്തായത്. ഈ സമയത്താണ് ശശാങ്ക് സിങ്ങിനെ കൂട്ടുപിടിച്ച് പ്രിയാന്‍ഷ് ആര്യ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തിയത്.

ടീമിനെ 13.4 ഓവറില്‍ 154 റണ്‍സില്‍ എത്തിച്ച ശേഷമായിരുന്നു യുവതാരത്തിന്റെ മടക്കം. 42 പന്തില്‍ 102 റണ്‍സാണ് ഇന്ന് പ്രിയാന്‍ഷ് നേടിയത്. യൂസഫ് പത്താന്‌ ശേഷം എറ്റവും കുറഞ്ഞ പന്തുകളില്‍ ഐപിഎലില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് പ്രിയാന്‍ഷ്. 37 പന്തുകളിലാണ് യൂസഫ് സെഞ്ച്വറി നേടിയത്. 30 പന്തുകളില്‍ സെഞ്ച്വറി നേടിയ ക്രിസ് ഗെയ്‌ലിനാണ് എറ്റവും കുറഞ്ഞ പന്തുകളില്‍ ഐപിഎലില്‍ സെഞ്ച്വറി നേടിയതിനുളള റെക്കോഡുളളത്‌

3,80 കോടിക്കാണ് ഇത്തവണ ഐപിഎല്‍ ലേലത്തിലൂടെ പഞ്ചാബ് കിങ്‌സ് പ്രിയാന്‍ഷ് ആര്യയെ ടീമിലെത്തിച്ചത്. ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയായിരുന്നു പ്രിയാന്‍ഷ് ആര്യയുടെ ഐപിഎല്‍ അരങ്ങേറ്റം.