പഞ്ചാബ് കിംഗ്‌സ് പതിനൊന്നര കോടി വാരിയെറിഞ്ഞ് നേടി ; ഒരാഴ്ച തികയും മുമ്പ് 'ഡക്കി'ല്‍ പുറത്തായി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വാശിയേറിയ ലേലത്തിനൊടുവില്‍ പതിനൊന്നരക്കോടി വാരിയെറിഞ്ഞ് പഞ്ചാബ്്കിംഗ്‌സ് ഇലവന്‍ നേടിയ ഇംഗ്‌ളീഷ് ഓള്‍റൗണ്ടര്‍ ലേലം നടന്ന് ഒരാഴ്ച പിന്നിടും മുമ്പായി കളിച്ച ആദ്യ മത്സരത്തില്‍ തന്നെ ഡക്കായി പുറത്തായി. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനിറങ്ങിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണ്‍ പെഷാവര്‍ സല്‍മിക്കു വേണ്ടി കളിച്ച മത്സരത്തിലാണ് പുറത്തായത്. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ പാക് യുവ പേസര്‍ കൂടിയായ നസീം ഷാ ലിവിങ്സ്റ്റണിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരായ മത്സരത്തിലായിരുന്നു താരം അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായത്. മണിക്കൂറില്‍ 90 മൈലിനും മുകളില്‍ വേഗത്തില്‍ വന്ന നസീം ഷായുടെ പന്ത് പ്രതിരോധിക്കാനുള്ള സമയം പോലും ലിവിങ്സ്റ്റണിനു ലഭിച്ചില്ല. ബാറ്റ് താഴേക്കു വരുന്നതിനു മുമ്പ് തന്നെ ലിവിങ്സ്റ്റണിന്റെ ഓഫ് സ്റ്റമ്പ് തെറിച്ചിരുന്നു. ഇതിന് തൊട്ടുമുമ്പ് കളിച്ച കളിയിലും ലിവിംഗ്‌സ്റ്റണിന് കാര്യമായി സ്‌കോര്‍ ചെയ്യാനായില്ല. ആറു റണ്‍സ് മാത്രം നേടാനേ താരത്തിന് കഴിഞ്ഞുള്ളൂ. മൂന്ന് പന്തുകളാണ് താരത്തിന് ഈ മത്സരത്തില്‍ ആകെ നേരിടാന്‍ കഴിഞ്ഞുള്ളൂ.

ഐപിഎല്ലിന്റെ മെഗാലേലത്തില്‍ ഏറ്റവുമുയര്‍ന്ന ഡിമാന്റുണ്ടായിരുന്ന വിദേശ താരങ്ങളിലൊരാളും ഏറ്റവും വില കൂടിയ നാലാമത്തെ താരവുമായിരുന്നു ലിവിങ്സ്റ്റണ്‍. ടി20 ഫോര്‍മാറ്റിലെ തകർപ്പനടിക്കാരില്‍ ഒരാളായ ലിവിംഗ്സ്റ്റണിനായി പല ഫ്രാഞ്ചൈസികളും രംഗത്തുണ്ടായിരുന്നു. പഞ്ചാബിനെക്കൂടാതെ സണ്‍റൈസേഴ്സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, ഗുജറാത്ത് ടൈറ്റന്‍സും രംഗത്തുണ്ടായിരുന്നു. ഇവരെയെല്ലാം മറികടന്നാണ് താരത്തെ പഞ്ചാബ് റാഞ്ചിയത്.

അതേസമയം പിഎസ്എല്ലില്‍ മികച്ച തുടക്കം കിട്ടിയ താരം കൂടിയാണ് ലിയാം ലിവിങ്സ്റ്റണ്‍. മുള്‍ത്താന്‍ സുല്‍ത്താന്‍സിനെതിരായ കളിയില്‍ 16 ബോളില്‍ നിന്നും 24 റണ്‍സ് അടിച്ചെടുത്താണ് താരം ലീഗിലേക്കുള്ള വരവറിയിച്ചത്. നാലു ബൗണ്ടറികളും ഒരു സിക്സുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്.