"ഗൗതം ഗംഭീറിനല്ല ക്രെഡിറ്റ് നൽകേണ്ടത്, കൈയടി കൊടുക്കേണ്ടത് ആ ഇതിഹാസത്തിനാണ്"; സുനിൽ ഗവാസ്കറുടെ വാക്കുകൾ വിവാദത്തിൽ

നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനമാണ് ഏകദിനത്തിലും, ടി-20 യിലും, ടെസ്റ്റിലും നടത്തി വരുന്നത്. ഇപ്പോൾ നടന്ന ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ടി-20 മത്സരത്തിൽ ബാറ്റിംഗിലും ബോളിങ്ങിലും പൂർണ അധിപത്യമായിരുന്നു ഇന്ത്യ കാഴ്ച വെച്ചത്. പുതിയ പരിശീലകനായ ഗൗതം ഗംഭീറിന്റെ മികവാണ് ഇതിന് പിന്നിൽ എന്ന് പറഞ്ഞു കൊണ്ട് ഒരുപാട് താരങ്ങളും ആരാധകരും അദ്ദേഹത്തിന് പ്രശംസയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

എന്നാൽ ഗംഭീറിനെതിരെ തുറന്നടിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസമായ സുനിൽ ഗവാസ്കർ. ഇന്ത്യൻ ടീം നിലവിലെ അക്രമണോസക്തമായ പ്രകടനം തുടങ്ങിയിട്ട് ഏറെ നാളുകളായി എന്നും, അതിന് ക്രെഡിറ്റ് നൽകേണ്ടത് പുതിയ പരിശീലകനായ ഗൗതം ഗംഭീറിനല്ല എന്നും ആണ് അദ്ദേഹം പറയുന്നത്.

സുനിൽ ഗവാസ്കർ പറയുന്നത് ഇങ്ങനെ:

“ഇന്ത്യയുടെ സമീപകാലത്തെ ആക്രമണോത്സക ബാറ്റിങ്ങിനെ ബോസ്ബാള്‍ എന്ന് വിശേഷിപ്പിക്കുന്നതായി കണ്ടു. നായകനാണ് ടീമിന്റെ ബോസ്. രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ബോസ്. ചിലര്‍ ഇന്ത്യയുടെ ആക്രമണോത്സകതയ്ക്ക് പിന്നില്‍ ഗംഭീറാണെന്ന തരത്തില്‍ ഗാംബോള്‍ എന്നെല്ലാം പറയുന്നുണ്ട്. ഇംഗ്ലണ്ട് ടീമിന്റെ പ്രകടനം ബെന്‍ സ്റ്റോക്‌സ് നായകനും ബ്രണ്ടന്‍ മക്കല്ലം പരിശീലകനായും വന്ന ശേഷം മാറിയതാണ്. എന്നാല്‍ ഇന്ത്യയുടെ ആക്രമണോത്സകത കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി തുടരുന്നതാണ്. രോഹിത്തിന് കീഴില്‍ ഇതേ ആക്രമണം ഇന്ത്യ നടത്തുന്നു. ടീമിനെ ഈ ശൈലിയിലേക്കെത്തിക്കാന്‍ രോഹിത് പിന്തുണക്കുകയും ചെയ്യുന്നുണ്ട്” സുനിൽ ഗവാസ്കർ പറഞ്ഞു.

രോഹിത്ത് ശർമ്മ നായകനായതിൽ പിന്നെയാണ് ഇന്ത്യൻ ടീം നിലവിൽ അക്രമണോസക്തമായ പ്രകടനം കാഴ്ച വെക്കുന്നത്. ഈ വർഷത്തെ ടി-20 ലോകകപ്പ് നേടിയതിന് ശേഷം ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ നിന്നും അദ്ദേഹം വിരമിച്ചിരുന്നു. ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ താരത്തിന് മികച്ച പ്രകടനങ്ങൾ നടത്താൻ സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഗംഭീരമായ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ഇന്ത്യൻ ആരാധകർ.