"രോഹിത്തിന്റെ ആ പദ്ധതിയാണ് ഞങ്ങൾ തോൽക്കാനുള്ള കാരണം"; ബംഗ്ലാദേശ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

കാൺപൂരിൽ നടന്ന രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനെ 7 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം വീണ്ടും ഉറപ്പിച്ച് ഇന്ത്യ. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് ഇന്ത്യ തന്നെ ആയിരുന്നു. ടെസ്റ്റ് ഫോർമാറ്റിൽ ടി-20 ലെവൽ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യ നടത്തിയത്. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് മുതൽ അവർ ആക്രമിച്ചാണ് കളിച്ചത്. അതിലൂടെ ഫാസ്റ്റസ്റ്റ് ടീം ഫിഫ്റ്റി, ഫാസ്റ്റസ്റ്റ് സെഞ്ച്വറി, ഫാസ്റ്റസ്റ്റ് 150 , ഫാസ്റ്റസ്റ്റ് 200 തുടങ്ങിയ നേട്ടങ്ങൾ എല്ലാം സ്വന്തമാക്കി.

രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിന്റെ എല്ലാ പദ്ധതികളെയും തരിപ്പണം ആക്കിയത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മയുടെ തന്ത്രങ്ങളാണ് എന്നത് തുറന്ന് പറഞ്ഞിരിക്കുകയാണ് ബംഗ്ലാദേശ് പരിശീലകൻ ചണ്ഡിക ഹതുരുസിംഗെ. ആക്രമണ ബാറ്റിംഗ് ഇന്ത്യ പുറത്തെടുക്കും എന്നത് വിചാരിച്ചില്ല എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

ചണ്ഡിക ഹതുരുസിംഗെ പറയുന്നത് ഇങ്ങനെ:

” ഞങ്ങളുടെ ഇന്നത്തെ പ്രകടനം അത്രയ്ക്ക് ഗംഭീരമായിരുന്നില്ല. അത് ഞങ്ങളെ വേദനിപ്പിക്കുന്നു. ഇന്ത്യയുടേത് പോലെ ഇത്തരത്തിലൊരു സമീപനം ടെസ്റ്റില്‍ മുമ്പ് കണ്ടിട്ടില്ല. രോഹിത് ശര്‍മയും സംഘവും എല്ലാ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നു. ഞങ്ങള്‍ക്ക് വേഗത്തില്‍ ആ അപ്രതീക്ഷിത നീക്കത്തോട് പൊരുത്തപ്പെടാനായില്ല. അവസാന പരമ്പരയിൽ ഞങ്ങൾ നന്നായി കളിച്ചു എന്നാൽ ഇന്ത്യയ്‌ക്കെതിരെ അത് തുടരാൻ സാധിച്ചില്ല”

ചണ്ഡിക ഹതുരുസിംഗെ തുടർന്നു:

“ഇന്ത്യയുടെ ബാറ്റിങ് പ്രകടനം ഉയര്‍ന്ന നിലവാരത്തിലുള്ളതായിരുന്നു. ഇന്ത്യക്കെതിരായ ഈ തോല്‍വിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഏറെ പഠിക്കാനുണ്ട്. ഇന്ത്യ ഏറ്റവും മികച്ച ടീമാണ്. ഇന്ത്യയില്‍ ഇന്ത്യക്കെതിരേ ടെസ്റ്റ് കളിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. എത്രത്തോളം ഇനിയും മെച്ചപ്പെടാനുണ്ടെന്ന് ഇപ്പോള്‍ മനസിലായി. രോഹിത്ത് ശർമ്മയുടെ പദ്ധതിയാണ് ഞങ്ങൾക്ക് തിരിച്ചടിയായത്” ചണ്ഡിക ഹതുരുസിംഗെ പറഞ്ഞു.

Read more