"സഞ്ജുവിനെ ആരെങ്കിലും തിരഞ്ഞെടുക്കുമോ, അതിലും കേമനായ മറ്റൊരു താരം ഇന്ത്യൻ ടീമിൽ ഉണ്ട്"; മുൻ പാകിസ്ഥാൻ താരത്തിന്റെ വാക്കുകൾ വൈറൽ

ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച രാജകീയ തിരിച്ച് വരവ് നടത്തിയ താരം ഉണ്ടെങ്കിൽ അതിൽ മുൻപന്തിയിൽ നിൽക്കുന്ന കളിക്കാരനാണ് മലയാളി താരമായ സഞ്ജു സാംസൺ. അവസാനം കളിച്ച അഞ്ച് ടി- 20 മത്സരങ്ങളിൽ നിന്നായി മൂന്ന് സെഞ്ചുറികളാണ് അദ്ദേഹം നേടിയത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി-20 മത്സരത്തിൽ സെഞ്ച്വറി നേടുകയും, രണ്ടും മൂന്നും മത്സരങ്ങളിൽ പൂജ്യനായി മടങ്ങിയതോടെ വിമർശകർക്കുള്ള ഇരയായി മാറിയ താരമാണ് സഞ്ജു. എന്നാൽ അവസാന ടി-20 മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയതോടെ ഇന്ത്യൻ ടി-20 ഫോർമാറ്റിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിയിരിക്കുകയാണ്.

മൂന്നു സെഞ്ച്വറി നേടിയ താരത്തിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരവും ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുൻ പരിശീലകനായുമായ വസീം അക്രം. താൻ സഞ്ജു സാംസനെക്കാളും തിരഞ്ഞെടുക്കുന്ന താരം അത് റിഷഭ് പന്ത് ആയിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

വസീം അക്രം പറയുന്നത് ഇങ്ങനെ:

താനൊരു അദ്ഭുതമാണെന്നു ലോകത്തിനു കാണിച്ചു തന്ന താരമാണ് റിഷഭ് പന്ത്. അവന്‍ ശരിക്കുമൊരു അമാനുഷികന്‍ തന്നെയാണ്. വലിയൊരു ട്രാജഡിയെ മറികടന്നാണ് ജീവിതത്തിലേക്കും ക്രിക്കറ്റിലേക്കും പന്ത് മടങ്ങിവന്നത്. കാറപകടത്തില്‍ അവനു പരിക്കേറ്റതിന്റെ ക്ലിപ്പുകള്‍ കണ്ടപ്പോള്‍ പാകിസ്താനില്‍ ഞങ്ങളെല്ലാം ഏറെ അസ്വസ്ഥരായിരുന്നു. എനിക്കും പന്തിന്റെ കാര്യത്തില്‍ വലിയ ആശങ്കയും അസ്വസ്ഥതയുമുണ്ടായിരുന്നു. അന്നു ഇതേക്കുറിച്ച് ഞാന്‍ ട്വീറ്റും ചെയ്തിരുന്നു. ക്രിക്കറ്റിലേക്കു അവിശ്വസനീയ തിരിച്ചുവരവ് തന്നെയാണ് റിഷഭ് നടത്തിയത്”

വസീം അക്രം തുടർന്നു:

“സഞ്ജുവിനു നല്ല അനുഭവസമ്പത്ത് ഇപ്പോഴുണ്ട്. ബാറ്ററെന്ന നിലയില്‍ അവന്‍ കൂടുതല്‍ സ്ഥിരത പുലര്‍ത്തേണ്ടത് ആവശ്യമാണ്. മികച്ച ബാറ്റിങ് ടെക്‌നിക്കും സഞ്ജുവിനുണ്ട്. ഐപിഎല്ലില്‍ 10 വര്‍ഷത്തിലേറെയായി അവന്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. ടി20യില്‍ ഷോട്ട് സെലക്ഷന്റെ കാര്യത്തില്‍ ഒന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. എപ്പോള്‍, എവിടെ ഷോട്ടുകള്‍ കളിക്കണമെന്ന് അവന്‍ അറിയണം. സഞ്ജു സാംസണ്‍ നന്നായി ചെയ്തിട്ടുണ്ടത് ശരി തന്നെയാണ്. താരമെന്ന നിലയില്‍ മാത്രമല്ല ക്യാപ്റ്റന്റെ റോളിലും അവന്റെ പ്രകടനം ശ്രദ്ധേയമാണ്. എനിക്കൊരു ഫിനിഷറെയാണ് ടീമില്‍ വേണ്ടതെങ്കില്‍ ഞാന്‍ റിഷഭ് പന്തിനെയാണ് ആദ്യം പരിഗണിക്കുക. ഞാന്‍ എന്റെ ചോയ്‌സാണ് പറഞ്ഞത്” വസീം അക്രം പറഞ്ഞു.