"രോഹിത്ത് ശർമ്മയേക്കാൾ കേമനായ ക്യാപ്‌റ്റൻ മറ്റൊരാളാണ്, പക്ഷെ ഹിറ്റ്മാനെക്കാൾ താഴെയുള്ള ക്യാപ്‌റ്റൻ കൂടെ ഇന്ത്യൻ ടീമിൽ ഉണ്ട്"; നമാന്‍ ഓജയുടെ വാക്കുകൾ ഇങ്ങനെ

ഇന്ത്യൻ ടീമിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് രോഹിത്ത് ശർമ്മ. എന്നാൽ താരത്തെക്കാൾ മികച്ച മറ്റൊരു ക്യാപ്‌റ്റൻ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ നമാന്‍ ഓജ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ മഹേന്ദ്ര സിങ് ധോണി ആണ് രോഹിത്തിനെക്കാൾ ഏറ്റവും മികച്ച ക്യാപ്‌റ്റൻ എന്നാണ് പറയുന്നത്. കൂടാതെ വിരാട് കൊഹ്‌ലിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

നമാന്‍ ഓജ പറയുന്നത് ഇങ്ങനെ:

“എംഎസ് ധോണി വളരെ കൂളായിട്ടുള്ള ക്യാപ്റ്റനാണ്. കളിക്കളത്തില്‍ ഒരു താരത്തെ എപ്പോള്‍, എങ്ങനെ ഉപയോഗിക്കണമെന്നു അദ്ദേഹത്തിനു നന്നായിട്ട് അറിയാം. എന്നാല്‍ വിരാട് കോഹ്ലി വളരെ അഗ്രസീവായിട്ടുള്ള ക്യാപ്റ്റനാണ്. ഓരോ വ്യക്തികളും തികച്ചും വ്യത്യസ്തമായ സ്വഭാവമുള്ളവരാണ്. രോഹിത്ത് ശര്‍മയുടെ കാര്യമെടുത്താല്‍ അദ്ദേഹം വളരെ ശാന്തപ്രകൃതമുള്ള, കൂളായിട്ടുള്ള വ്യക്തിയാണ്”

നമാന്‍ ഓജ തുടർന്നു:

“ഓരോ കളിക്കാരുടെയും കഴിവുകളിലാണ് രോഹിത്ത് ഫോക്കസ് ചെയ്യാറുള്ളത്. ക്യാപ്റ്റന്‍മാരെന്ന നിലയില്‍ മൂന്നു പേര്‍ക്കും റാങ്കിങ് നല്‍കിയാല്‍ തലപ്പത്ത് ധോണിയായിരിക്കും. രോഹിത്ത് രണ്ടാമതും കോഹ്ലി മൂന്നാമതുമായിരിക്കും. ഇവർ രണ്ട് പേരുടെയും അത്രയും മികച്ച ക്യാപ്റ്റൻസി കൊഹ്‌ലിക്കില്ല. ധോണി നേടിയിട്ടുള്ള ട്രോഫികള്‍ കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ ഞാന്‍ ഒന്നാമനാക്കിയത്. തന്റെ ശാന്തമായ സമീപനത്തിലൂടെ കളിക്കളത്തില്‍ മികച്ച റിസല്‍റ്റുകളുണ്ടാക്കാനും ധോണിക്കായിട്ടുണ്ട്” നമാന്‍ ഓജ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അതിന് പിന്നിലെ പ്രധാന കാരണം രോഹിത്ത് ശർമ്മയുടെ ക്യാപ്റ്റൻസി മികവാണ്. ഇപ്പോൾ നടക്കുന്ന ന്യുസിലാൻഡുമായുള്ള ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം മഴ മൂലം ഉപേക്ഷിച്ചു.