"ഞങ്ങൾ വിജയിച്ചതിനും അവർ തോറ്റതിനും ഒറ്റ കാരണമേ ഒള്ളു"; തുറന്ന് പറഞ്ഞ് ന്യുസിലാൻഡ് താരം

12 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ടീമായി ന്യൂസിലന്‍ഡ് ചരിത്രം സൃഷ്ടിച്ചു. അവര്‍ ആദ്യം ബെംഗളൂരുവിലും പിന്നീട് പൂനെയില്‍ നടന്ന രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കി. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിന് ബാറ്റിലും പന്തിലും ശോഭിക്കാനായില്ല. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഫൈനൽ സാധ്യതയുടെ കാര്യം ആശങ്കയിലായി. ഇനിയുള്ള 6 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 4 എണ്ണത്തിൽ വിജയിക്കണം. എന്നാൽ മാത്രമേ ഫൈനലിലേക്കുള്ള ടിക്കറ്റ് ഇന്ത്യക്ക് ഉറപ്പാക്കാൻ സാധിക്കൂ.

തങ്ങൾ വിജയിച്ചതിന്റെ പ്രധാന കാരണം എന്താണെന്ന് പറഞ്ഞിരിക്കുകയാണ് ന്യുസിലാൻഡ് താരം ഗ്ലെൻ ഫിലിപ്‌സ്. ഇന്ത്യയിൽ നടത്തപെടുന്ന ഐപിഎൽ തങ്ങളുടെ വിജയത്തിന് പ്രധാന പങ്ക് വഹിച്ചു എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ഗ്ലെൻ ഫിലിപ്‌സ് പറയുന്നത് ഇങ്ങനെ:

“ഇന്ത്യയ്‌ക്കെതിരെ ആദ്യമായി നേടുന്ന ടെസ്റ്റ് പരമ്പര വിജയം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. ടീമിനെതിരെ അവരുടെ നാട്ടില്‍ മത്സരിക്കുക എന്നത് അങ്ങേയറ്റം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്ത്യന്‍ സാഹചര്യങ്ങളെ പറ്റി പഠിക്കാനും പൊരുത്തപ്പെട്ട് കളിക്കാനും ശ്രമിച്ചു. ഐപിഎല്ലില്‍ കളിച്ചത് ഇന്ത്യന്‍ പിച്ചുകളില്‍ കൂടുതല്‍ മനസിലാക്കാന്‍ സഹായിച്ചു” ഗ്ലെൻ ഫിലിപ്‌സ് പറഞ്ഞു.

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് ഗ്ലെൻ ഫിലിപ്‌സ്. ഇപ്പോൾ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ അദ്ദേഹം രണ്ടാം ഇന്നിങ്സിൽ 82 പന്തിൽ 48 റൺസും, ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു. നവംബർ 1 നാണ് അവസാന ടെസ്റ്റ് മത്സരം വാങ്ടെ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നത്.