രാരീ രാരീരം രാരോ, പിച്ചിൽ ബാബറിന്റെ ഉറക്കം; ചിരിപ്പിക്കുന്ന വീഡിയോ പുറത്ത്

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ പാകിസ്ഥാൻ സൂപ്പർ ബാറ്റർ ബാബർ അസമിന് താൻ ആഗ്രഹിച്ച തരത്തിലുള്ള ഔട്ടിംഗ് ഉണ്ടായിരുന്നില്ല. പരമ്പരയിലെ രണ്ടാം മത്സരം റാവൽപിണ്ടി രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുകയാണ്. ആദ്യ ടെസ്റ്റിൽ പാകിസ്ഥാൻ 10 വിക്കറ്റിന്റെ തോൽവിയാണ് ഏറ്റുവാങ്ങിയത്.

ടെസ്റ്റിൽ ഫോം കണ്ടെത്താൻ പാടുപെടുന്ന ബാബർ അസമിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് നിലനിർത്താനായില്ല. തുടക്കം രണ്ട് വിക്കറ്റുകൾ പെട്ടെന്ന് നഷ്ടപ്പെട്ടതിന് ശേഷം അദ്ദേഹം നാലാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തുക ആയിരുന്നു. ബാബർ ടീമിനെ രക്ഷിക്കുമെന്നാണ് ആരാധകർ കരുതിയത് എങ്കിലും അത് ഉണ്ടായില്ല.

ബാബർ ക്രീസിലുറച്ച് നിന്ന് മികച്ച ഇന്നിംഗ്സ് കളിക്കുമെന്ന് തോന്നിച്ച സമയത്തായിരുന്നു അദ്ദേഹത്തിന്റെ പുറത്താക്കൽ. എന്നിരുന്നാലും, മികച്ച തുടക്കത്തിന് ശേഷം അദ്ദേഹം വിക്കറ്റ് വലിച്ചെറിയുന്ന കാഴ്ചയും സങ്കടത്തോടെ ആണ് ആരാധകർ കണ്ടത്. തൻ്റെ ഇന്നിംഗ്‌സിനിടെ, കാര്യമായ ഒന്നും ചെയ്യാൻ ആയില്ലെങ്കിലും ബാബർ ആരാധകരെ രസിപ്പിച്ചത് മറ്റൊരു തരത്തിലാണ്.

ഷാക്കിബ് അൽ ഹസന്റെ പന്തിൽ സ്വീപ് ഷോട്ട് കളിക്കാൻ പോയ താരത്തിന് പിഴക്കുന്നു. ബാറ്റ് ഗ്രൗണ്ടിലേക്ക് വെച്ച് കീഴടങ്ങൽ പ്രഖ്യാപിച്ച ബാബർ അതോടൊപ്പം കുറച്ചുസമയം പിച്ചിൽ കിടക്കുക ആയിരുന്നു. ബംഗ്ലാദേശ് താരങ്ങൾ വരെ പൊട്ടിചിരിച്ച സംഭവത്തിൻ്റെ വീഡിയോ ഇൻ്റർനെറ്റിൽ വൈറലായി.

77 പന്തിൽ 31 റൺ എടുത്ത ബാബർ ഒടുവിൽ ഷക്കിബിന്റെ പന്തിൽ തന്നെ വീഴുക ആയിരുന്നു.