സുരേഷ് റെയ്‌നയ്ക്ക് അപൂര്‍വ്വ നേട്ടം

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ സുരേഷ് റെയ്‌നയെ തേടി മറ്റൊരു നേട്ടം. കൂടി. ഇന്ത്യന്‍ മണ്ണില്‍ 200 സിക്‌സ് തികയ്ക്കുന്ന താരം എന്ന നാഴികകല്ലാണ് റെയ്‌ന സ്വന്തം പേരില്‍ കുറിച്ചത്.

തന്റെ 185ാം ഇന്നിംഗ്‌സിലാണ് റെയ്‌ന ഈ നേട്ടത്തിലെത്തിയത്. മത്സരത്തില്‍ 59 പന്തുകള്‍ നേരിട്ട ഇന്ത്യന്‍ താരം 13 ഫോറും ഏഴ് സിക്‌സും സഹിതം 126 റണ്‍സാണ് സ്വന്തമാക്കിയത്. ഇതോടെ റെയ്‌നയുടെ ഇന്ത്യന്‍ മണ്ണിലെ സിക്‌സ് നേട്ടം 205 ആയി ഉയര്‍ന്നു.

റെയ്‌നയുടെ സെഞ്ച്വറി മികവില്‍ 75 റണ്‍സിനാണ് ഉത്തര്‍ പ്രദേശ് ബംഗാളിനെ പരാജയപ്പെട്ടത്.

അതെസമയം ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും അധികം സിക്‌സ് നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് റെയ്‌നയുടെ സ്ഥാനം. വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയിലിന്റെ പേരിലാണ് ഈ റെക്കോര്‍ഡ്. 102 ടി20 ഇന്നിംഗ്‌സുകളില്‍ നിന്ന് 288 സിക്‌സുകളാണ് ഈ കരീബിയന്‍ ബാറ്റ്‌സ്മാന്‍ സ്വന്തമാക്കിയിട്ടുളളത്.

രണ്ടാം സ്ഥാനം രോഹിത്ത് ശര്‍മ്മയ്ക്കാണ്. 181 ഇന്നിംഗ്‌സുകളില്‍ നിന്ന് 209 സിക്‌സാണ് രോഹിത്തിന്റെ സംഭാവന. 170 ഇന്നിംഗ്‌സുകളില്‍ നിന്ന് 192 സിക്‌സ് നേടിയിളള യൂസഫ് പത്താന്‍ റെയ്‌നയ്ക്ക് പിന്നിലായി നാലാമതും 187 സിക്‌സുമായി ധോണിയും 182 സിക്‌സുമായി യുവരാജും അഞ്ചും ആറും സ്ഥാനങ്ങളിലുണ്ട്.

ഏറെ നാളത്തെ ഫോമില്ലായിമയ്ക്ക് ശേഷമാണ് റെയ്‌ന മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ഐപിഎല്‍ തുടങ്ങുന്നതിന് മുമ്പ് ഫോമില്‍ തിരിച്ചെത്തിയത് റെയ്‌നയ്ക്ക് ആശ്വാസം നല്‍കും.