ഐസിസി ലോകകപ്പ് അതിന്റെ തീവ്രമായ ഷെഡ്യൂളിന് പേരുകേട്ടതാണ്. മത്സരങ്ങള്‍ക്കിടയില്‍ ടീമുകള്‍ വിപുലമായി യാത്ര ചെയ്യുന്നു. ഈ കഠിനമായ യാത്ര പലപ്പോഴും കളിക്കാര്‍ക്ക് വിശ്രമിക്കാനും സുഖം പ്രാപിക്കാനും സമയം കുറയ്ക്കുന്നു. ഇപ്പോഴിതാ മികച്ച ആസൂത്രണത്തിന്റെയും പരിഗണനയുടെയും ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ഐസിസിയുടെ മത്സരക്രമത്തെ വിമര്‍ശിച്ച് രംഗത്തുവന്നിരുക്കുകയാണ് അഫ്ഗാന്‍ നായകനും സൂപ്പര്‍ സ്പിന്നറുമായ റാഷിദ് ഖാന്‍.
‘നാല് മണിക്കൂറോളമാണ് വിമാനം വൈകിയത്. ഒരു മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയത്. ഇതൊട്ടും എളുപ്പമല്ല’ റാഷിദ് തുറന്നടിച്ചു. റാഷിദിന്റെ ആശങ്കകള്‍ ശരിയാണ്. മതിയായ വിശ്രമവും വീണ്ടെടുക്കലും അത്ലറ്റുകള്‍ക്ക് നിര്‍ണായകമാണ്, പ്രത്യേകിച്ച് താരത്തെപ്പോലുള്ള ബോളര്‍മാര്‍ക്ക്. നീണ്ട യാത്രയും കാലതാമസവും ഉറക്കത്തിന്റെ രീതിയെ തടസ്സപ്പെടുത്തുകയും ഫീല്‍ഡിലെ പ്രകടനത്തെ ബാധിക്കുകയും ചെയ്യും.
ഐസിസിയുടെ മത്സരക്രമത്തിനെതിരേ മൈക്കല്‍ വോണും രംഗത്തെത്തി. ‘തിങ്കളാഴ്ച രാത്രിയാണ് അഫ്ഗാനിസ്ഥാന്‍ സെമി ഫൈനല്‍ യോഗ്യത നേടുന്നത്. ചൊവ്വാഴ്ചയാണ് ട്രിനിഡാഡിലേക്കുള്ള വിമാനമുണ്ടായിരുന്നത്. ഇത് നാല് മണിക്കൂര്‍ വൈകുകയും ചെയ്തു. ഇതോടെ ആവശ്യത്തിന് വിശ്രമമോ പരിശീലനമോ നടത്താന്‍ അവര്‍ക്ക് ലഭിച്ചില്ല. പുതിയ പിച്ചിനെക്കുറിച്ച് പഠിക്കാനുള്ള സമയം പോലും ലഭിച്ചില്ല.’
‘ഈ സെമി ഫൈനല്‍ ഗുയാനയില്‍ നടന്നിരുന്നെങ്കില്‍ പ്രശ്നം ഉണ്ടാകില്ലായിരുന്നു. എന്നാല്‍ ഇന്ത്യയുടെ മത്സരത്തിനായി മറ്റ് ടീമുകളെ പ്രയാസപ്പെടുത്തുകയാണ്’ മൈക്കല്‍ വോണ്‍ പറഞ്ഞു.