റെക്കോഡ് നേട്ടത്തില്‍ രവി ബിഷ്ണോയ്, ടി20യില്‍ ഇത് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സ്പിന്നര്‍!

ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ ഈ പരമ്പരയില്‍ അദ്ഭുതകരമായ പ്രകടനമാണ് നടത്തിയത്. യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയിയായിരുന്നു ഈ പരമ്പരയിലെ ഹീറോ. പരമ്പരയിലെ എല്ലാ മത്സരങ്ങളിലും യുവതാരം പന്ത് കൊണ്ട് പ്രധാന പങ്ക് വഹിച്ചു. ഇതിനിടയില്‍ ഒരു ഇന്ത്യന്‍ സ്പിന്‍ ബോളര്‍ക്കും ചെയ്യാന്‍ കഴിയാത്ത നേട്ടവും താരം കൈവരിച്ചു.

ഓസ്ട്രേലിയയ്ക്കെതിരായ ഈ പരമ്പരയില്‍ ആകെ 9 വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയ് ആയിരുന്നു പ്ലെയര്‍ ഓഫ് ദി സീരീസ്. അതേസമയം ടി20യിലെ തുടര്‍ച്ചയായ പത്താം മത്സരത്തിലും ഇന്ത്യയ്ക്കായി താരം വിക്കറ്റ് വീഴ്ത്തി. ഇതോടെ തുടര്‍ച്ചയായി 10 ടി20 മത്സരങ്ങളില്‍ നിന്ന് ഒരു വിക്കറ്റെങ്കിലും വീഴ്ത്തുന്ന ഇന്ത്യയുടെ ആദ്യ സ്പിന്നറായി രവി ബിഷ്ണോയ്.

ടി20യില്‍ തുടര്‍ച്ചയായി ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ റെക്കോര്‍ഡ് മുന്‍ പേസര്‍ ആശിഷ് നെഹ്റയുടെ പേരിലാണ്. ആശിഷ് നെഹ്റ തുടര്‍ച്ചയായി 13 ടി20 മത്സരങ്ങളില്‍ നിന്ന് ഒരു വിക്കറ്റെങ്കിലും നേടിയിട്ടുണ്ട്. ഒരു ഉഭയകക്ഷി ടി20 പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമെന്ന റെക്കോഡിലും രവി ബിഷ്ണോയ് എത്തി.

Image

നേരത്തെ 2016ല്‍ ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ രവിചന്ദ്രന്‍ അശ്വിന്‍ ആകെ 9 വിക്കറ്റുകള്‍ നേടിയിരുന്നു. അതേസമയം യുസ്വേന്ദ്ര ചാഹലാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 2017ല്‍ ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കുമെതിരായ ടി20 പരമ്പരയില്‍ യുസ്വേന്ദ്ര ചാഹല്‍ 8 വിക്കറ്റുകള്‍ നേടിയിരുന്നു.

ബെംഗളൂരുവിലെ എം.ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസ്ട്രേലിയന്‍ ടീം 154 എന്ന സ്‌കോറിലൊതുങ്ങി. ഇന്ത്യക്കായി മുകേഷ് കുമാര്‍ മൂന്നും രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.