'ഇങ്ങനെ പേടിക്കാതെടാ...': ബംഗ്ലാദേശിനെതിരായ ഇരട്ട പരാജയത്തിന് ശേഷം കോഹ്ലിക്ക് സുപ്രധാന നിര്‍ദ്ദേശം നല്‍കി ശാസ്ത്രി

ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ റണ്‍സ് നേടുന്നതിന് സ്പിന്നര്‍മാര്‍ക്കെതിരെ ‘പാദങ്ങള്‍’ ഉപയോഗിക്കണമെന്ന് വിരാട് കോഹ്ലിയെ ഉപദേശിച്ച് ഇന്ത്യന്‍ ടീം മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ വെറും 17 റണ്‍സിന് ഓഫ് സ്പിന്നര്‍ മെഹിദി ഹസന്‍ മിറാസിനെതിരെ കോഹ്ലി വിക്കറ്റിന് മുന്നില്‍ കുരുങ്ങി പുറത്തായതിന് പിന്നാലെയാണ് ശാസ്ത്രിയുടെ ഉപദേശം.

അവന്‍ സ്പിന്നര്‍മാര്‍ക്കെതിരെ പതറുകയാണ്, പക്ഷേ ധാരാളം റണ്‍സും അവന്‍ നേടിയിട്ടുണ്ട്. അവന്‍ കാലുകള്‍ കൂടുതല്‍ ചലിപ്പിച്ച് സ്വീപ്പ് ഷോട്ട് കളിക്കാന്‍ തുടങ്ങണമെന്ന് എനിക്ക് തോന്നുന്നു. ഫീല്‍ഡര്‍മാര്‍ 30-യാര്‍ഡ് സര്‍ക്കിളിനുള്ളില്‍ ആയിരിക്കുമ്പോള്‍ മുന്നിലേക്ക് പോകാന്‍ ഭയപ്പെടരുത്. സ്പിന്നര്‍മാരെ നിങ്ങള്‍ക്ക് പന്തെറിയാന്‍ അനുവദിക്കുന്നതിന് പകരം അവരെ അസ്വസ്ഥരാക്കാന്‍ ശ്രമിക്കണം. ഒരുപാട് റണ്‍സ് നേടിയപ്പോള്‍ കോഹ്ലി ചെയ്തത് ഇതാണ്- രവി ശാസ്ത്രി പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏഷ്യന്‍ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരെ സ്‌കോര്‍ ചെയ്യാന്‍ വിരാടിന് കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരി 27 ആണ്. 2021 മുതല്‍ 18 തവണ കോഹ്ലിക്ക് സ്പിന്നര്‍മാര്‍ക്കെതിരെ വിക്കറ്റ് നഷ്ടമായി.

ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയില്‍ നിന്ന് വിട്ടുനിന്ന കോഹ്ലി ബംഗ്ലാദേശിനെതിരായ പരമ്പരയിലാണ് ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ താരം ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. ആദ്യ ഇന്നിംഗ്സില്‍ 6 റണ്‍സ് നേടിയ അദ്ദേഹം രണ്ടാം ഇന്നിംഗിസില്‍ 17 റണ്‍സാണ് നേടിയത്.