ആര്‍സിബി അടുത്ത വര്‍ഷം ഐപിഎല്‍ ട്രോഫി നേടും: എബി ഡിവില്ലിയേഴ്‌സ്

എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ തോല്‍വിയില്‍ നിരാശ പ്രകടിപ്പിച്ച് ആര്‍സിബി മുന്‍ താരം എബി ഡിവില്ലിയേഴ്സ്. തോറ്റെങ്കിലും രണ്ടാം ഭഗത്തിലെ ആര്‍സിബിയുടെ വിജയങ്ങളില്‍ അഭിമാനമുണ്ടെന്നും അടുത്ത വര്‍ഷം കിരീടം ഉറപ്പായും ആര്‍സിബി നേടുമെന്നും എബി എക്‌സില്‍ കുറിച്ചു.

തോല്‍ക്കുന്നത് എല്ലായ്‌പ്പോഴും വേദനാജനകമാണ്. പക്ഷേ, ഒരു ആരാധകനെന്ന നിലയില്‍, മെയ് മാസത്തിന്റെ തുടക്കത്തില്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടതായി തോന്നിയപ്പോഴും, ഞങ്ങളെ വിശ്വസിപ്പിച്ചതിന് ആണ്‍കുട്ടികളില്‍ ഞാന്‍ അഭിമാനിക്കുന്നു. അടുത്ത വര്‍ഷം ആര്‍സിബി കൂടുതല്‍ ശക്തമായി തിരിച്ചെത്തുമെന്നും കിരീടം വീട്ടിലേക്ക് കൊണ്ടുവരുമെന്നും എനിക്ക് ഉറപ്പുണ്ട്- ഡിവില്ലിയേഴ്‌സ് കുറിച്ചു.

തുടര്‍ച്ചയായ ആറ് വിജയങ്ങളുടെ പകിട്ടുമായെത്തിയാണ് ബെംഗളൂരു രാജസ്ഥാനു മുന്നില്‍ കൂപ്പുകുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു-174/6.

കന്നി ഐപിഎല്‍ കിരീടം വീണ്ടും സ്വന്തമാക്കാന്‍ കഴിയാതെ വന്നതോടെ ബെംഗളൂരു ടീമിന്റെ അതിശയകരമായ സീസണ്‍ നിര്‍ഭാഗ്യകരമായി അവസാനിച്ചു. 2011 മുതല്‍ 2021 വരെ ആര്‍സിബിക്കായി കളിച്ച താരമാണ് ഡിവില്ലിയേഴ്‌സ്.