ഐ.പി.എല്‍ 2021: രണ്ടാം പാദ മത്സരങ്ങളുടെ തിയതി സ്ഥിരീകരിച്ച് ബി.സി.സി.ഐ

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിയ ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം പാദ മത്സരങ്ങള്‍ സെപ്തംബര്‍ 19ന് ആരംഭിക്കും. ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഇക്കാര്യം സ്ഥിരീകരിച്ചു. ഫൈനല്‍ ഒക്ടോബര്‍ 15ന് നടക്കും.

ടി20 ലോക കപ്പ് ഒക്ടോബറിലും നവംബറിലുമായി നടക്കാനിരിക്കെ അതിന് മുമ്പ് തന്നെ ഐ.പി.എല്ലിന്റെ 14ാം സീസണ്‍ പൂര്‍ത്തിയാക്കാനാണ് ബി.സി.സി.ഐ നീക്കം. യു.എ.ഇയിലാണ് ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങളും ഇവിടെത്തന്നെയായിരുന്നു നടന്നത്. യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലായാണ് ടി20 ലോക കപ്പ് മല്‍സരങ്ങളും നടക്കുക.

31 മത്സരങ്ങളാണ് ഇനിയും ടൂര്‍ണമെന്റില്‍ നടക്കാനുള്ളത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ന്യൂസീലന്‍ഡ് തുടങ്ങിയ ടീമിലെ താരങ്ങള്‍ ടൂര്‍ണമെന്റിലെ ബാക്കി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത കുറവാണ്. ഈ ടീമുകള്‍ക്കെല്ലാം അന്താരാഷ്ട്ര മത്സരമുള്ളതിനാലാണ് ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

വിദേശ താരങ്ങള്‍ കളിക്കാതിരുന്നാല്‍ പല ടീമുകളെയും അത് കാര്യമായി ബാധിച്ചേക്കും. ടൂര്‍ണമെന്റ് റദ്ദായാല്‍ 2500 കോടിയോളം നഷ്ടം വരുമെന്നതിനാല്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഐ.പി.എല്‍ പൂര്‍ത്തിയാക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം.