ഇന്ത്യൻ നായകൻ രോഹിത് ശർമ്മ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. റിപ്പോർട്ടുകൾ പ്രകാരം, ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ന് ശേഷം ബാറ്റർ ഇന്ത്യക്കായി കളിക്കില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ ജൂണിൽ ടി 20 ലോകകപ്പ് സ്വന്തമാക്കുന്നത് വരെ രോഹിത്തിന് അനുകൂലമായി പോയിരുന്ന അക്കാര്യങ്ങൾ കഴിഞ്ഞ കുറച്ചു മാസങ്ങൾ കൊണ്ടാണ് മാറി മറിഞ്ഞത്.
രോഹിത് ബാറ്റ്‌സ്മാൻ എന്ന നിലയിൽ മോശം പരാജയം ഏറ്റുവാങ്ങിയ ഹോം ടെസ്റ്റ് സീസണിൽ നിന്നാണ് ഇതെല്ലാം ആരംഭിച്ചത്, എന്നാൽ അതിലുപരിയായി, അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായി. അവിടെ, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ടീം ഹോം ടെസ്റ്റ് പരമ്പരയിൽ വൈറ്റ്വാഷ് നേരിട്ടത്. ന്യൂസിലൻഡിനോട് ഇന്ത്യ 3-0 ന് പരാജയപ്പെട്ടു.
അതിനുശേഷം, 2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ അദ്ദേഹത്തിൻ്റെ കീഴിൽ ഇന്ത്യ ദയനീയ പ്രകടനമാണ് നടത്തിയത്. പരമ്പരയിൽ ഒരു കളി മാത്രമാണ് ടീമിന് ജയിക്കാനായത്, രണ്ടാമത്തെ കുട്ടിയുടെ ജനനത്തെത്തുടർന്ന് രോഹിതിന് ആദ്യ ഗെയിം നഷ്ടമായപ്പോൾ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലാണ് ആ ഒരു ജയം കിട്ടിയതും.
2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ബാറ്ററായിട്ടും രോഹിത് പരാജയപ്പെട്ടു, അവസാന മത്സരത്തിൽ നിന്ന് പുറത്തായി. പരമ്പരയിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 31 റൺസ് മാത്രമാണ് താരം നേടിയത്. അവസാനം കളിച്ച 8 കളികളിൽ മൊത്തത്തിൽ 164 റൺസാണ് അദ്ദേഹം നേടിയത്.
Read more
എന്നിരുന്നാലും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, രോഹിത് തൻ്റെ അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുമെന്നാണ്. ഓപ്പണിംഗ് ബാറ്റർ ഇനി ടെസ്റ്റ് ക്രിക്കറ്റിനായുള്ള പദ്ധതികളിലാന്നിലും ഉണ്ടാകില്ല. പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന് തുടക്കമിടുന്ന ഇന്ത്യ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ രോഹിത് ശർമ്മ ഇപ്പോൾ ടീമിൻ്റെ ഭാഗമാകില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. ഐസിസി ചാമ്പ്യൻസ് ട്രോഫി 2025ന് ശേഷം അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കുമോ ഇല്ലയോ എന്നത് കണ്ടറിയണം.