ഓസീസ് പര്യടനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായി രോഹിത് ശര്‍മ്മയുടെ അഭാവം. പരിക്കേറ്റ് ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലുള്ള രോഹിത്തിനും ഇഷാന്ത് ശര്‍മ്മയ്ക്കും ടെസ്റ്റ് പരമ്പര നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് പരമ്പരയുടെ സമയമാവുമ്പോഴേക്കും ഇവര്‍ക്ക് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഴിയില്ലെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രോഹിത്തിനും ഇഷാന്തിനും ടെസ്റ്റ് പരമ്പര കളിക്കാന്‍ സാധിച്ചേക്കില്ല എന്ന് അനൗദ്യോഗികമായി എന്‍.സി.എ ബി.സി.സി.ഐയെ അറിയിച്ചതായാണ് സൂചന. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ വിദഗ്ധര്‍ ഇഷാന്തിന്റേയും രോഹിത്തിന്റേയും ഫിറ്റ്നസ് നില പരിശോധിച്ചതായും, നിരാശപ്പെടുത്തുന്ന ഫലമാണ് ലഭിക്കുന്നത് എന്നും മുംബൈ മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടായേക്കും.
ഓസീസിനെതിരായ ടെസ്റ്റ് പരമ്പര ഡിസംബര്‍ 17-നാണ് ആരംഭിക്കുന്നത്. നിലവിലെ നിയമപ്രകാരം ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ താരങ്ങള്‍ 14 ദിവസത്തെ ക്വാറന്റൈന് നോക്കണം. അതിനാല്‍ രണ്ട് ദിവസത്തിനുള്ളിലെങ്കിലും ഓസ്ട്രേലിയയില്‍ എത്തിയാല്‍ മാത്രമേ രോഹിത്തിനും ഇഷാന്തിനും ടെസ്റ്റ് പരമ്പര കളിക്കാനാവൂ.
Read more
പരിമിത ഓവര്‍ പരമ്പര രോഹിതിന് നഷ്ടമാകുമെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങുന്നതിനാലാണ് പകരക്കാരനായി പരിചയസമ്പന്നനായ രോഹിത്തിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചത്. അതിനാല്‍ തന്നെ രോഹിത്തിന് കളിക്കാനായില്ലെങ്കില്‍ ശക്തരായ ഓസീസിനെതിരെ ഇന്ത്യയ്ക്ക് അത് നികത്താനാവാത്ത നഷ്ടമാകും. രോഹിത്തിന് പകരം ശ്രേയസ് അയ്യര്‍ ടെസ്റ്റ് ടീമിലിടം നേടുമെന്നാണ് സൂചന.