ഈ പരമ്പരയ്ക്കു ശേഷം രോഹിത് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കണം: തുറന്നടിച്ച് മുന്‍ പരിശീലകന്‍

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയുടെ സീനിയര്‍ ബാറ്റര്‍മാരായ വിരാട് കോഹ്ലിക്കും രോഹിത് ശര്‍മ്മക്കും കഠിന സമയമാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 6.20 ശരാശരിയില്‍ 31 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്, മറുവശത്ത്, പെര്‍ത്തില്‍ സെഞ്ച്വറി നേടിയ കോഹ്ലിക്ക് പരമ്പരയില്‍ മികച്ച തുടക്കം ഉണ്ടായിരുന്നു, എന്നാല്‍ അതിനുശേഷം, താരത്തിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല.

ഓഫ്-സ്റ്റമ്പിന് പുറത്ത് കോഹ്‌ലി വീണ്ടും വീണ്ടും കുടുങ്ങി. ഇത് ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ്. അതേസമയം, രോഹിത്തിന് പരമ്പരയിലുടനീളം ആത്മവിശ്വാസമില്ലായിരുന്നു, അത് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയിലും കാണപ്പെട്ടു. നിലവിലെ ഈ അവസ്ഥയില്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ ഭാവിയെ കുറിച്ച് വലിയ നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. കോഹ്ലി ഇനിയും മൂന്നോ നാലോ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുമെന്നും രോഹിത് ശര്‍മ്മ പരമ്പരക്ക് ശേഷം ഒരു തീരുമാനമെടുക്കേണ്ടി വരുമെന്നും ശാസ്ത്രി സൂചിപ്പിച്ചു.

എനിക്ക് തോന്നുന്നത്, വിരാട് കോഹ്‌ലി കളി തുടരണം എന്നാണ്. വിരാട് കുറച്ചു നാള്‍ കൂടി തുടരും. ഇപ്പോള്‍ പുറത്തായ രീതി മറന്നേക്കുക. ചുരുങ്ങിയത് മൂന്നു – നാലു വര്‍ഷം കൂടി വിരാട് കോഹ്ലിക്ക് കളിക്കളത്തില്‍ തുടരാന്‍ സാധിച്ചേക്കും. എന്നാല്‍, രോഹിത് ശര്‍മയുടെ കാര്യം അതല്ല.

ടോപ് ഓര്‍ഡറില്‍ രോഹിത് ശര്‍മയുടെ ഫുട് വര്‍ക്ക് ഫലപ്രദമായി അല്ല കണ്ടുവരുന്നത്. വിരമിക്കലിനുള്ള സമയം അടുത്തിരിക്കുന്നു. പന്ത് നേരിടുന്നതില്‍ രോഹിത് ശര്‍മ അല്‍പം താമസം നേരിടുന്നുണ്ട്. ഈ പരമ്പരയ്ക്കു ശേഷം എന്തു ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് രോഹിത് ശര്‍മയാണ്- രവി ശാസ്ത്രി പറഞ്ഞു.