സഞ്ജുവൊന്നും ടി20 ലോകകപ്പ് കളിക്കാന്‍ പോകുന്നില്ല; ഉത്തരം കിട്ടാത്ത ചോദ്യത്തെ കുറിച്ച് ചോപ്ര

സഞ്ജു സാംസണും ജിതേഷ് ശര്‍മ്മയും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള കഴിവ് ഇതുവരെ തെളിയിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാര്‍ക്ക് അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാതെ പോയ സാഹചര്യത്തിലാണ് ചോപ്രയുടെ ഈ വിലയിരുത്തല്‍.

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ജിതേഷും അവസാന മത്സരത്തില്‍ സാംസണും കളിച്ചതിനാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കണമെന്ന് ഇന്ത്യക്ക് അറിയില്ലെന്ന് ആകാശ് ചോപ്ര പറഞ്ഞു.

ആരാണ് ഞങ്ങളുടെ കീപ്പര്‍ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. ജിതേഷ് ശര്‍മ്മ ആദ്യ രണ്ട് മത്സരങ്ങളും കളിച്ചു. അതിന് ശേഷം സഞ്ജു സാംസണ്‍ ഒരു മത്സരം കളിച്ചു. ആദ്യ മത്സരത്തില്‍ ജിതേഷ് നന്നായി ബാറ്റ് ചെയ്തു, രണ്ടാമത്തേതില്‍ അക്കൗണ്ട് തുറന്നില്ല, മൂന്നാമത്തേതില്‍ സഞ്ജു അക്കൗണ്ട് തുറന്നില്ല- ചോപ്ര കൂട്ടിച്ചേര്‍ത്തു.

രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ക്കും പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ആദ്യ മത്സരത്തില്‍ ജിതേഷ് ശര്‍മ്മ 20 പന്തില്‍ 31 റണ്‍സ് നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ഡക്കായി പുറത്തായി. ബുധനാഴ്ച എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അവസാന ടി20യില്‍ സഞ്ജുവും പൂജ്യത്തിന് പുറത്തായി.

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യ 3-0 ന് പരമ്പര തൂത്തുവാരി ജൂണ്‍ മുതല്‍ ആരംഭിക്കുന്ന ലോകകപ്പിന് മുമ്പുള്ള തങ്ങളുടെ അവസാന ടി20 മത്സരം അടയാളപ്പെടുത്തി.