ഐപിഎൽ 2025 സീസണ് മുന്നോടിയായുള്ള റീടെൻഷൻ ലിസ്റ്റ് അടുത്തിടെ പുറത്തുവന്നിരുന്നു. അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും എല്ലാം വിട ആയി കൊണ്ട് ഒട്ടനവധി സർപ്രൈസുകൾ ടീമുകൾ തങ്ങളുടെ റീടെൻഷൻ ലിസ്റ്റിൽ ഒളിപ്പിച്ചിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട ടീമുകളായ ചെന്നായ്, മുംബൈ, ബാംഗ്ലൂർ, രാജസ്ഥാൻ, കൊൽക്കത്ത ടീമുകളുടെ ലിസ്റ്റൊക്കെ വെച്ച് സോഷ്യൽ മീഡിയ വലിയ ചർച്ചകൾ ആണ് നടത്തുന്നത്. ഇതിൽ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജുവിന്റെ രാജസ്ഥാനും ചില ഞെട്ടിക്കുന്ന തീരുമാനം എടുത്തിട്ടുണ്ട്.
ക്യാപ്റ്റൻ സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറൽ, ഷിംറോൺ ഹെറ്റ്‌മെയർ, സന്ദീപ് ശർമ എന്നിവർ രാജസ്ഥാനൊപ്പം തുടരും. അതേസമയം ജോസ് ബട്‌ലർ, യൂസ്‌വേന്ദ്ര ചാഹൽ, ആർ അശ്വിൻ, ട്രന്റ് ബോൾട്ട് എന്നിവരെ ടീം ഒഴിവാക്കിയത് ആരാധകർക്ക് ഞെട്ടലായി. ഇതിൽ തന്നെ ബട്ട്ലർ, ബോൾട്ട്, ചഹാൽ എന്നിവരുടെ കാര്യം എല്ലാവർക്കും ഞെട്ടൽ ഉണ്ടാക്കി. എന്തായാലും ഈ സൂപ്പർ താരങ്ങളെ കൈവിട്ടതിനെക്കുറിച്ച് സഞ്ജു പറഞ്ഞത് ഇങ്ങനെ:
”കഴിഞ്ഞ കുറച്ച് സീസണുകളിൽ രാജസ്ഥാൻ റോയൽസ് ശ്രദ്ധിക്കപ്പെടുന്ന പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഞങ്ങൾ ആരാധകർക്ക് വേണ്ടി ചില മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഒരുപാട് നല്ല ഓർമ്മകൾ ഞങ്ങൾക്ക് ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അതെല്ലാം ഇനിയുള്ള കാലവും നിലനിൽക്കും.” നായകൻ പറഞ്ഞു.
”അതേ ടീമിനൊപ്പം ഈ യാത്ര തുടരാൻ ഞങ്ങൾ ശ്രമിക്കുന്നത്. ഫ്രാഞ്ചൈസിക്ക് ഒരുപാട് മികച്ച വിജയങ്ങൾ സമ്മാനിച്ച താരങ്ങളെ പിരിയുന്നതിൽ സങ്കടമുണ്ട്. ലേലത്തിൽ ചില താരങ്ങളെ എങ്കിലും സ്വന്തമാക്കാനായി ഞങ്ങൾ ശ്രമിക്കും.” സഞ്ജു വ്യക്തമാക്കി.
എന്തായാലും ഏറ്റവും മികച്ച ടീമെന്ന നിലയിൽ രാജാസ്ഥനെ വളർത്താൻ പരിശീലകൻ ദ്രാവിഡിനും ഡയറക്ടർ സങ്കക്കാരക്കും ഒപ്പം ശ്രമിക്കുമെന്നും സഞ്ജു പ്രത്യാശ പ്രകടിപ്പിച്ചു.