'സഞ്ജു സാംസൺ ഇനി ഇന്ത്യൻ ടീമിലേക്ക് കയറില്ല'; ബംഗ്ലാദേശ് പര്യടനത്തിൽ നിന്നും പുറത്താകാൻ സാധ്യത

ഇന്ത്യൻ ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിച്ച താരമാണ് സഞ്ജു സാംസൺ. ടീമിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും അദ്ദേഹത്തിനെ തഴയുകയാണ് ബിസിസിഐ. പക്ഷെ നിർണായകമായ മത്സരങ്ങൾ വേണ്ട വിധത്തിൽ ഉപയോഗപെടുത്തിയെടുക്കുന്നതിൽ സഞ്ജു വീണ്ടും പരാജയപ്പെടുകയാണ്. ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിയിൽ മോശമായ പ്രകടനമാണ് സഞ്ജു നടത്തുന്നത്. ഇത് വരെയുള്ള മത്സരങ്ങളിൽ നിന്ന് 0,0,5 എന്നി സ്കോറുകളാണ് താരം നേടിയത്.

ഇപ്പോൾ നടന്ന മത്സരത്തിൽ ബാറ്റിംഗിൽ മാത്രമല്ല വിക്കറ്റ് കീപ്പിങ്ങിലും സഞ്ജു മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഇന്ത്യ എ ടീം ഓപ്പണിങ് ബാറ്റ്‌സ്മാനായ പ്രതാം സിങ്ങിന് പന്ത് നഷ്ടമായി നേരെ വിക്കറ്റ് കീപ്പറായ സഞ്ജുവിന്റെ കൈകളിലേക്ക് ചെന്നു, കിട്ടിയ അവസരം സ്റ്റമ്പ് ചെയ്യാൻ വൈകിയതും ആ വിക്കറ്റ് നേടാൻ താരത്തിന് സാധിക്കാതെ പോവുകയായിരുന്നു. ഇതോടെ സഞ്ജുവിന് നേരെയുള്ള വിമർശനങ്ങൾ ഉയർന്നു വരികയും ചെയ്തു.

ഇപ്പോൾ നടന്ന ശ്രീലങ്കൻ സീരീസിൽ അവസാന രണ്ട് ടി-20 മത്സരങ്ങളിൽ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. അതോടെ ഇന്ത്യൻ ടീമിലേക്കുള്ള വിളി പ്രതീക്ഷിക്കണ്ട എന്ന നിലയിൽ ആയിരുന്നു അവസ്ഥ. ഇഷാൻ കിഷന്റെ പരിക്കിനെ തുടർന്ന് സഞ്ജുവിന് ദുലീപ് ട്രോഫി കളിക്കാൻ വീണ്ടും അവസരം നൽകി ബിസിസിഐ. എന്നാൽ നിർണായക മത്സരത്തിൽ പോലും അത് വേണ്ട രീതിയിൽ ഉപയോഗിക്കാൻ താരത്തിന് സാധിക്കാതെ പോയി.

ഈ മാസം നടക്കാൻ ഇരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലെ ടി-20 മത്സരങ്ങളിൽ സഞ്ജു സാംസണിന്‌ അവസരം ലഭിക്കില്ല എന്നാണ് ആരാധകർ വിലയിരുത്തുന്നത്. ഏറെ നാളായി അദ്ദേഹം മോശമായ പ്രകടനമാണ് നടത്തുന്നത്. കൂടാതെ റിഷബ് പന്തിനെ വീണ്ടും ടി-20 ഫോർമാറ്റിലേക്ക് തിരികെ വിളിക്കാനും പദ്ധതി ഇട്ടിരിക്കുകയാണ് ബിസിസിഐ. ഇനി അടുത്ത ഐപിഎലിലും, നടക്കാൻ ഇരിക്കുന്ന ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും സഞ്ജു തന്റെ മികവ് തെളിയിക്കണം. എങ്കിൽ മാത്രമേ അദ്ദേഹത്തിന് തിരികെ ടീമിലേക്ക് കയറാൻ സാധിക്കു.