കിവികളെ വിറപ്പിച്ച് സ്‌കോട്ട്‌ലന്‍ഡ്: ന്യൂസിലന്‍ഡിന്റെ ജയം 16 റണ്‍സിന്

ട്വന്റി20 ലോക കപ്പിലെ സൂപ്പര്‍ 12 മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് സ്‌കോട്ട്‌ലന്‍ഡ് പൊരുതി വീണു. പതിനാറ് റണ്‍സിനാണ് ന്യൂസിലന്‍ഡ് ജയിച്ചത്. ഇതോടെ കിവികള്‍ സെമി സാധ്യത നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 172/5 എന്ന സ്‌കോര്‍ പടുത്തുയര്‍ത്തി. ചേസ് ചെയ്ത സ്‌കോട്ട്‌ലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സുമായി കരകയറി.

മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ സെഞ്ച്വറിയോളം പോന്ന പ്രകടനമാണ് ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 56 പന്തില്‍ ആറ് ഫോറും ഏഴ് സിക്‌സും സഹിതം 93 റണ്‍സ് ഗപ്റ്റില്‍ വാരി. ഗ്ലെന്‍ ഫിലിപ്‌സ് 33 റണ്‍സെടുത്തു. ഡാരല്‍ മിച്ചല്‍ (13), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (0), ഡെവൊന്‍ കോണ്‍വേ (1) എന്നിവര്‍ പുറത്തായശേഷമാണ് ന്യൂസിലന്‍ഡ് തിരിച്ചുവന്നത്.

ചേസ് ചെയ്ത സ്‌കോട്ട്‌ലന്‍ഡ് അല്‍പ്പംപോലും പതറിയില്ല. മോശം പന്തുകളെ തെരഞ്ഞുപിടിച്ചു ശിക്ഷിച്ച സ്‌കോട്ടിഷ് ബാറ്റര്‍മാര്‍ പലപ്പോഴും കിവി ബോളര്‍മാരെ ഭീതിയിലാഴ്ത്തി. 20 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും അടക്കം പുറത്താകാതെ 42 റണ്‍സെടുത്ത മിച്ചല്‍ ലീസ്‌കാണ് ഏറെ അപകടകാരിയായത്. മാത്യു ക്രോസ് 27ഉം ജോര്‍ജ് മുന്‍സി 22ഉം റിച്ചി ബെറിങ്ടണ്‍ 20 റണ്‍സ് വീതം നേടി.

കിവി ബോളര്‍ ആദം മില്‍നെയുടെ ഓരോവറില്‍ ക്രോസ് അഞ്ച് ബൗണ്ടറികള്‍ പറത്തിയത് സ്‌കോട്ടിഷ് ആരാധകര്‍ക്ക് മറക്കാനാവാത്ത കാഴ്ചയായി. സോധിയെ മുന്‍സി ഇരട്ട സിക്‌സിന് ശിക്ഷിച്ചത് മറ്റൊരു ഹൈലൈറ്റ്. 18-ാം ഓവറില്‍ സോധിയെ ലീസ്‌ക് രണ്ടു ഫോറുകള്‍ക്കും ഒരു സിക്‌സിനും പറത്തിയതും സ്‌കോട്ട്‌ലന്‍ഡ് ഇന്നിംഗ്‌സിലെ ഹരംകൊള്ളിച്ച കാഴ്ചകളില്‍ ഉള്‍പ്പെടുന്നു. എങ്കിലും ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ എത്തിപ്പിടിക്കാന്‍ സ്‌കോട്ട്‌ലന്‍ഡിന് സാധിച്ചില്ല. ന്യൂസിലന്‍ഡിനായി ട്രന്റ് ബൗള്‍ട്ടും സോധിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ടിം സൗത്തിക്ക് ഒരു വിക്കറ്റ്. ഗപ്റ്റില്‍ പ്ലേയര്‍ ഓഫ് ദ മാച്ച്.

Read more