ജനുവരി 14 ഞായറാഴ്ച ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയുടെ മറ്റൊരു മികച്ച പ്രകടനത്തിനു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. അഫ്ഗാനിസ്ഥാനെതിരായ ഈ രണ്ട് ടി20 മത്സരങ്ങളില്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം വിജയിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ദുബെയായിരുന്നു.
രണ്ട് മത്സരങ്ങളിലും ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെച്ച ദുബെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് പരമ്പരയില്‍ 2-0 ന്റെ അപരാജിത ലീഡ് സമ്മാനിക്കുകയും ചെയ്തു. രണ്ട് മത്സരങ്ങളിലും ഒരോ വിക്കറ്റ് വീതം വീഴ്ത്തിയ ശിവം ദുബെ പുറത്താകാതെ നിന്നു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
ആദ്യ മത്സരത്തില്‍ പുറത്താകാതെ 60 റണ്‍സും രണ്ടാം മത്സരത്തില്‍ 32 പന്തില്‍ 5 ഫോറും 4 സിക്സും സഹിതം 63 റണ്‍സും നേടി. ഈ പ്രകടനത്തോടെ ടി20 ലോകകപ്പ് സ്ക്വാഡിലേക്ക് അവകാശം ഉന്നയിച്ചിരിക്കുകയാണ് താരം. ഇപ്പോഴിതാ ഹാര്‍ദിക്കിന്റെ ലഭ്യത പരിഗണിക്കാതെ തന്നെ മെഗാ ടൂര്‍ണമെന്റില്‍ ദുബെയ്ക്ക് ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്താനാകുമെന്ന് മുന്‍ താരം സുനില്‍ ഗവാസ്കര്‍ വിശ്വസിക്കുന്നു.
ഗെയിമിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ തഴച്ചുവളരുന്നത് തുടരുകയാണെങ്കില്‍ സെലക്ടര്‍മാര്‍ക്ക് ദുബെയെ ഒഴിവാക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സ്ക്വാഡ് സെലക്ഷന് സമയത്ത് സെലക്ടര്‍മാര്‍ക്ക് തലവേദനയുണ്ടാകുമെന്നും എന്നാലിത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരാനിരിക്കുന്ന എഡിഷനില്‍ അവര്‍ എങ്ങനെ കളിക്കും എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.
Read more
ഹാര്‍ദിക് ഫിറ്റാണെങ്കില്‍പ്പോലും ആ ലോകകപ്പിനുള്ള വിമാനത്തില്‍ ഉണ്ടെന്ന് ഉറപ്പാക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. നിങ്ങള്‍ ഇത്തരം പ്രകടനങ്ങള്‍ നടത്തിയാല്‍, നിങ്ങളെ ഉപേക്ഷിക്കാന്‍ ആര്‍ക്കും വളരെ ബുദ്ധിമുട്ടാണ്. സെലക്ടര്‍മാര്‍ അദ്ദേഹത്തെ പുറത്താക്കാന്‍ തീരുമാനിച്ചാല്‍ അത് വളരെ കഠിനമായ തീരുമാനമായിരിക്കും. അവന് തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നു, ഇത് സെലക്ടര്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നു- ക്രിക്ക്ബസിനോട് സംസാരിക്കവെ ഗവാസ്കര്‍ പറഞ്ഞു.