ബംഗ്ലാദേശിനെതിരായ ടി20 പരമ്പര: സൂപ്പര്‍ താരം പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ഇന്ത്യ

പരിക്കിനെ തുടര്‍ന്ന് ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയില്‍ നിന്ന് ഓള്‍റൗണ്ടര്‍ ശിവം ദുബെയെ ബിസിസിഐ ഒഴിവാക്കി. ദുബെയുടെ പകരക്കാരനായി തിലക് വര്‍മ്മയെ തിരഞ്ഞെടുത്തു. ഞായറാഴ്ച രാവിലെ ഗ്വാളിയോറില്‍ തിലക് ടീമിനൊപ്പം ചേരും.

ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിലെ പ്രധാന അംഗമാണ് ശിവം ദുബെ. വെസ്റ്റ് ഇന്‍ഡീസിലും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലും നടന്ന ഐസിസി ടി20 ലോകകപ്പ് 2024 നേടിയ ടീം ഇന്ത്യയുടെ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിന് വേണ്ടി താരം രണ്ട് സുപ്രധാന ഇന്നിംഗ്സുകള്‍ കളിച്ചു.

33 ടി20യില്‍ 29.86 ശരാശരിയിലും 134.93 സ്ട്രൈക്ക് റേറ്റിലും 448 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. മൂന്ന് അര്‍ധസെഞ്ചുറികളും 27 ബൗണ്ടറികളും 24 സിക്സറുകളും 11 വിക്കറ്റും താരത്തിന്റെ അക്കൗണ്ടിലുണ്ട്.

പകരക്കാരനായെത്തുന്ന തിലക് വര്‍മ്മ 16 ടി20യില്‍ 33.60 ശരാശരിയിലും 139.41 സ്ട്രൈക്ക് റേറ്റിലും 336 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് അര്‍ധസെഞ്ചുറികളും 29 ഫോറുകളും 16 സിക്സറുകളും തിലക് നേടിയിട്ടുണ്ട്.