സഞ്ജു ഓപ്പണിംഗില്‍ തുടരണോ?; 'തലവേദന' ആകുമെന്ന് ഡിവില്ലിയേഴ്‌സ്

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണ്‍ ഓപ്പണിംഗില്‍ തുടരണമെന്ന ചര്‍ച്ച കൊഴുക്കവേ ഇതില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എബി ഡിവില്ലിയേഴ്‌സ്. ബംഗ്ലാദേശിനെതിരായ പ്രകടനം വിലയിരുത്തുമ്പോള്‍ തുടര്‍ന്നും ഈ ഫോര്‍മാറ്റില്‍ സഞ്ജു ഓപ്പണറായി തന്നെ കളിക്കണമെന്നാണ് ആഗ്രഹമെന്നു എബിഡില്ലിയേഴ്സ് വ്യക്തമാക്കി.

സഞ്ജു ഓപ്പണറായി കളിക്കുന്നതു കാണാനാണ് ഞാന്‍ എല്ലായ്പ്പോഴും ആഗ്രഹിക്കുന്നത്. ഈ പൊസിഷനില്‍ അദ്ദേഹത്തിനു വളരെ മികച്ച ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമെന്നും ഞാന്‍ കരുതുന്നു. ന്യൂബോളിനെതിരേ വളരെ അനായാസമാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്.

നല്ല നിയന്ത്രണത്തോടെയുള്ള ഷോട്ടുകളാണ് അദ്ദേഹം കളിക്കുന്നത്. ഒരുപാട് കരുത്തും സഞ്ജുവിന്റെ ഷോട്ടുകള്‍ക്കുണ്ട്. പക്ഷെ അദ്ദേഹത്തെ ടി20യില്‍ തുടര്‍ന്നും ഓപ്പണറായി കളിപ്പിക്കണമോയെന്നതു ടീം മാനേജ്മെന്റിനെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരിക്കും.

സഞ്ജുവും ജയ്സ്വാളും വളരെ മികച്ച ബാറ്റര്‍മാരാണ്. ഇവരെ ഓപ്പണര്‍മാരായി കളിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കോച്ചിങ് സ്റ്റാഫുമാരാണ്. ഞാന്‍ സഞ്ജുവിനെ തന്നെ ഓപ്പണറായി നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നയാളാണ്. ഇതുപോലെയൊരു സെഞ്ച്വറി പ്രകടനത്തിനു ശേഷം അദ്ദേഹത്തെ മാറ്റി പകരം മറ്റൊരാളെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ല.

ഇന്ത്യന്‍ ടീമിനെയും സെലക്ടര്‍മാരെയും സംബന്ധിച്ച് വലിയ തലവേദനയായിരിക്കും ഇത്. ടീം നന്നായി പെര്‍ഫോം ചെയ്യുകയും ടീമിനു നല്ല ആഴവുമുണ്ടെങ്കില്‍ അതു വളരെ മികച്ച കാര്യമാണ്. ഇന്ത്യയുടെ കാര്യത്തില്‍ ടീം സെലക്ഷന്‍ കോച്ചിനു കടുപ്പം തന്നെയായിരിക്കും. നിലവില്‍ ഇന്ത്യക്കു രണ്ടു മികച്ച ടീമുകളെ ഒരേ സമയത്തു ഇറക്കാനുള്ള ശേഷിയുണ്ട്. ലോകത്തിലെ ഏറെക്കുറെ എല്ലാ ടീമുകളെയും തോല്‍പ്പിക്കാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്യും- ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.