രാജകുമാരന്‍ പുറത്ത്?, പരിശീലന മത്സരത്തിനിടെ വിരലിന് പരിക്ക്, പെര്‍ത്തില്‍ കളിച്ചേക്കില്ല

വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയ്ക്ക് മുന്നോടിയായുള്ള പരിശീലനം ഇന്ത്യക്ക് സുഗമമല്ല. സര്‍ഫറാസ് ഖാനും കെഎല്‍ രാഹുലിനും പിന്നാലെ ശുഭ്മാന്‍ ഗില്ലിനും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ എക്കെതിരായ പരിശീലനത്തിനിടെയാണ് ഫീല്‍ഡിംഗിനിടെ ഗില്ലിന് വിരലുകള്‍ക്ക് പരിക്കേറ്റതായാണ് വിവരം.

രോഹിത് ശര്‍മ്മയുടെ അസാന്നിധ്യത്തില്‍ ഇന്ത്യ ഓപ്പണിംഗിലേക്ക് പരിഗണിക്കുന്ന താരമാണ് ഗില്‍. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് രോഹിത് ഒന്നാം ടെസ്റ്റില്‍നിന്നും വിട്ടുനില്‍ക്കുകയാണ്.

സര്‍ഫറാസും രാഹുലും പരിക്കിന്റെ പിടിയിലാണെന്നാണ് വിവരം. വ്യാഴാഴ്ച നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ സര്‍ഫറാസിന്റെ കൈമുട്ടിന് പരിക്കേറ്റു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പരിക്കിന്റെ വ്യാപ്തിയെക്കുറിച്ച് പ്രത്യേക അപ്ഡേറ്റ് ഒന്നുമില്ല.

പെര്‍ത്തില്‍ നടന്ന ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തിനിടെയാണ് കെഎല്‍ രാഹുലിന് പരിക്കേറ്റത്. കൈമുട്ടിന് പരിക്കേറ്റ താരം ഗ്രൗണ്ട് വിട്ടിരുന്നു.