ശുഭ്മാന്‍ ഗില്ലിന് പരിക്ക്: പകരക്കാരനായി ആ രണ്ട് പേരില്‍ ഒരാള്‍

പെര്‍ത്തില്‍ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024 ടെസ്റ്റിന് മുമ്പായി ടീം ഇന്ത്യക്ക് വന്‍ തിരിച്ചടി. രോഹിത് ശര്‍മ്മ ആദ്യ മത്സരത്തിന് ലഭ്യമല്ലാത്തതിനാല്‍, ശുഭ്മാന്‍ ഗില്ലിന്റെ കൈവിരലിന് പരിക്കേറ്റത് സന്ദര്‍ശകരെ കാര്യമായി ബാധിച്ചു. ഇന്ത്യ എയ്ക്കെതിരായ ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തിനിടെ ക്യാച്ച് എടുക്കുന്നതിനിടെയാണ് ഗില്ലിന് പരിക്കേറ്റത്.

പരിശീലന മത്സരത്തിനിടെ സര്‍ഫറാസ് ഖാന്‍, കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. കോഹ്ലി സ്‌കാനിംഗിനായി പോയി, കൈമുട്ടിന് അടിയേറ്റ കെഎല്‍ രാഹുല്‍ ഫീല്‍ഡ് വിട്ടു. ഗില്ലിന് പകരക്കാരനായി ഇന്ത്യ എയില്‍ നിന്ന് ഒരു താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ടീം മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്.

ദേവദത്ത് പടിക്കലിനെയോ സായി സുദര്‍ശനെയോ ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഇക്കാര്യം അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഓസ്ട്രേലിയ എയ്ക്കെതിരെ ഇടംകൈയ്യന്‍ ബാറ്റര്‍മാര്‍ നന്നായി ബാറ്റ് ചെയ്തു. ധര്‍മ്മശാലയില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനിടെയാണ് പടിക്കല്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്.

മറുവശത്ത്, സുദര്‍ശന്‍ ഡല്‍ഹിക്കെതിരെ ഇരട്ട സെഞ്ചുറിയും സൗരാഷ്ട്രയ്ക്കെതിരെ അര്‍ധസെഞ്ചുറിയും നേടി. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. നവംബര്‍ 22ന് പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ്.