മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മൈക്ക് പ്രോക്ടർ( 77 ) അന്തരിച്ചു. 1992-ൽ വിലക്ക് നീക്കി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് സൗത്താഫ്രിക്ക മടങ്ങി എത്തിയ സമയത്ത് അവരുടെ പരിശീലകൻ കൂടി ആളായിരുന്നു മൈക്ക്.
“ശസ്ത്രക്രിയയ്ക്കിടെ അദ്ദേഹത്തിന് ഒരു സങ്കീർണത അനുഭവപ്പെട്ടു, ഐസിയുവിൽ വെച്ച് ഹൃദയസ്തംഭനത്തിലേക്ക് പോയി. അദ്ദേഹം അബോധാവസ്ഥയിലായി, നിർഭാഗ്യവശാൽ പിന്നെ ഉണർന്നില്ല,” അദ്ദേഹത്തിൻ്റെ ഭാര്യ മറീന ദക്ഷിണാഫ്രിക്കൻ വെബ്‌സൈറ്റ് ന്യൂസ് 24-നോട് പറഞ്ഞു.
ബാറ്റുകൊണ്ടും പന്തുകൊണ്ടും പല മികച്ച പ്രകടനങ്ങൾ നടത്തി ടീമിനെ വിജയത്തിൽ എത്തിച്ച മിടുക്കനായ ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു പ്രോക്ടർ. എന്നിരുന്നാലും, രാജ്യത്തിൻ്റെ രാഷ്ട്രീയ പ്രക്ഷുബ്ധതയും വിലക്കും കാരണം ദക്ഷിണാഫ്രിക്കയ്‌ക്കായി വെറും 7 ടെസ്റ്റുകൾ മാത്രമാണ് അദ്ദേഹം കളിച്ചത്. 15.02 ശരാശരിയിൽ 41 വിക്കറ്റ് വീഴ്ത്തി.
Read more
എന്തിരുന്നാലും ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ഗ്ലൗസെസ്റ്റർഷെയറിന് വേണ്ടി മികച്ച പ്രകടനം നടത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. ഓൾറൗണ്ട് താരത്തെ ആദരിക്കുന്നതിനായി ക്ലബ്ബിന് പ്രോക്ടർഷയർ എന്ന വിളിപ്പേര് ആരാധകർ നൽകിയിട്ടുണ്ട് . 401 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച പ്രോക്ടർ 36.01 ശരാശരിയിൽ 48 സെഞ്ചുറികളും 109 അർധസെഞ്ചുറികളും സഹിതം 21,936 റൺസ് നേടി. 19.53 ശരാശരിയിൽ 1,417 വിക്കറ്റുകളും അദ്ദേഹം നേടി.