ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി: പെര്‍ത്തിലെ പിച്ചിന് ചോരയുടെ മണം, നിര്‍ണായ വിവരം പങ്കിട്ട് ക്യൂറേറ്റര്‍

നവംബര്‍ 22 ന് ഓസ്ട്രേലിയയെ നേരിടുന്നതിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അവരുടെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ക്യാമ്പയിന്‍ ആരംഭിക്കും. ഒപ്റ്റസ് സ്റ്റേഡിയത്തിലെ പിച്ചില്‍ തീപാറുമെന്ന് പ്രതീക്ഷിക്കുന്നു. പേസര്‍മാര്‍ക്ക് മികച്ച പേസും ബൗണ്‍സും ക്യാരിയും ലഭിക്കാന്‍ സാധ്യതയുണ്ട്. രണ്ട് ചിരവൈരികള്‍ ഏറ്റുമുട്ടുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്ക് ടെസ്റ്റ് തുടക്കം കുറിക്കും.

ഒന്നാം ടെസ്റ്റിന് മുന്നോടിയായി, വെസ്റ്റ് ഓസ്ട്രേലിയ ക്രിക്കറ്റ് ഹെഡ് ക്യൂറേറ്റര്‍ ഐസക് മക്ഡൊണാള്‍ഡ് ഉപരിതലത്തില്‍നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്നതിലേക്ക് വെളിച്ചം വീശി. പിച്ച് നല്ല പേസിനും നല്ല ബൗണ്‍സിനും മികച്ച കാരിയറിനുമായി സജ്ജമാക്കുകയാണെന്ന് ഐസക് മക്ഡൊണാള്‍ഡ് പറഞ്ഞു. ഇതുവരെ പെര്‍ത്തില്‍ കളിച്ച 4 ടെസ്റ്റുകളില്‍ തോല്‍വിയറിയാതെ ഓസ്ട്രേലിയ തുടരുകയാണ്.

ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക്, പ്രത്യേകിച്ച് മുകളില്‍ കളിക്കുന്നവര്‍ക്കാണ് ഈ പിച്ചില്‍ ബാറ്റ് ചെയ്യുന്നത് ഒരു വെല്ലുവിളി ആയിരിക്കും. പ്രത്യേകിച്ച് ബുദ്ധിമുട്ടുന്ന ടോപ്പ് ഓര്‍ഡറിന്. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് ടീമുകള്‍ക്കെതിരായ പരമ്പരകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. ഇത് ഇന്ത്യയ്ക്ക് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ആശങ്കകള്‍ സൃഷ്ടിക്കുന്നു.

രോഹിത് ശര്‍മ പെര്‍ത്തില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ 1-ാം ടെസ്റ്റില്‍ കളിക്കാനിടയില്ല. എന്നാല്‍ കോഹ്ലി തന്റെ പഴയ ഫോമിലേക്ക് മടങ്ങാന്‍ ശ്രമിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് ഈ പരമ്പര ജയിക്കേണ്ടതുണ്ട്. 2018-ല്‍ ഇന്ത്യ അവസാനമായി ഓസ്‌ട്രേലിയയെ പെര്‍ത്തില്‍ നേരിട്ടപ്പോള്‍ 146 റണ്‍സ് തോല്‍വി ഏറ്റുവാങ്ങിയിരുന്നു.