ആരോഗ്യപ്രശ്‌നവും സാമ്പത്തിക ബുദ്ധിമുട്ടുകളും കൊണ്ട് കുറച്ചുകാലമായി ബുദ്ധിമുട്ടുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. ലഹരി ഉപയോഗവും വഴിവിട്ട ജീവിത ക്രമീകരണങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചു. ഈയടുത്താണ് തെറ്റുകള്‍ തിരുത്താന്‍ താന്‍ തയ്യാറാണെന്നും ഒരിക്കല്‍ കൂടി ലഹരിവിമുക്ത ചികിത്സക്ക് പോകാന്‍ താന്‍ താത്പര്യപ്പെടുന്നെന്നും പറഞ്ഞ് കാംബ്ലി രംഗത്തെത്തിയത്. അതേസമയം മുന്‍താരത്തിന് ആശ്വാസമായി സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. കാംബ്ലിയുടെ ജീവിതംകാലം മുഴുവന്‍ പ്രതിമാസം 30.000 രൂപ സഹായം നല്‍കുമെന്നാണ് ഗാവസ്‌കര്‍ അറിയിച്ചത്.
ദരിദ്രരായ മുന്‍ അന്താരാഷ്ട്ര കായിക താരങ്ങളെ സഹായിക്കുന്നതിനായി 1999ല്‍ ആരംഭിച്ച ഗവാസ്‌കറുടെ ഫൗണ്ടേഷന്‍ വഴിയാണ് സഹായം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. അടുത്തിടെ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിന്റെ 50-ാം വാര്‍ഷികാഘോഷ വേളയില്‍ കാംബ്ലിയും ഗാവസ്‌കറും കണ്ടുമുട്ടിയിരുന്നു. അന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കിയ ശേഷം തിരിച്ചുവന്നായിരുന്നു കാംബ്ലി പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിക്കിടെ വൈകാരികമായി കാംബ്ലി ഗാവസ്‌കറുടെ കാലില്‍ തൊടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സഹായഹസ്തം നല്‍കുമെന്ന് ഗാവസ്‌കര്‍ അറിയിച്ചത്.
Read more
ഇന്ത്യക്കായി 104 ഏകദിന മത്സരങ്ങളും 17 ടെസ്റ്റുകളുമാണ് കാംബ്ലി കളിച്ചത്. സ്‌കൂള്‍ ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം 664 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയാണ് കാംബ്ലിയും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരമായി സച്ചിനൊപ്പം തന്നെ വിനോദ് കാംബ്ലിയുടെ പേരും പറഞ്ഞുകേട്ടിരുന്നു.