സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. കരുത്തരായ വിദര്‍ഭയെ 26 റണ്‍സിനാണ് കേരളം തകര്‍ത്തത്. ഇതോടെ നാല് മത്സരത്തില്‍ മൂന്നിലും ജയിച്ച കേരളം പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. കേരളം തോല്‍പിച്ച വിദര്‍ഭയാണ പോയിന്റ് പട്ടികയില്‍ ഒന്നാമത്. അഞ്ച് മത്സരങ്ങള്‍ കളിച്ച വിദര്‍ഭയുടെ ആദ്യ തോല്‍വിയാണിത്.
കേരളം ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ വിദര്‍ഭയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് എടുക്കാനെ ആയുളളു. കേരളത്തിനായി സന്ദീപ് വാര്യര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങിയാണ് വാര്യര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. ആസിഫും ചന്ദ്രനും ജലജ് സക്‌സേനയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
വിദര്‍ഭയ്ക്കായി 29 റണ്‍സെടുത്ത അക്ഷയ് വിനോദും 28 റണ്‍സെടുത്ത അക്ഷയ് കര്‍നേവാറുമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. നേരത്ത ടോസ് നഷ്ടമായി ആദ്യ ബാറ്റ് ചെയ്ത കേരളം നായകന്‍ റോബിന്‍ ഉത്തപ്പയുടെ മികവിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് എടുത്തത്.
അഞ്ചാമനായി ഇറങ്ങിയ റോബിന്‍ ഉത്തപ്പ ഇതാദ്യമായി കേരളത്തിനായി അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കി. 39 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും സഹിതം പുറത്താകാതെ 69 റണ്‍സാണ് ഉത്തപ്പ നേടിയത്. 37 പന്തില്‍ 39 റണ്‍സുമായി സച്ചിന്‍ ബേബി ഉത്തപ്പയ്ക്ക് പിന്തുണ നല്‍കി.
Read more
എന്നാല്‍ സഞ്ജു സാംസണ് മത്സരത്തില്‍ തിളങ്ങാനായില്ല. സഞ്ജു അഞ്ച് പന്തില്‍ ഒന്‍പത് റണ്‍സെടുത്ത് പുറത്തായി. വിഷ്ണു വിനോദ് (13), ജലജ് സക്‌സേന (13), മുഹമ്മദ് അസ്ഹറുദ്ദീന്‍ (1) അക്ഷയ് ചന്ദ്രന്‍ (10) ബേസില്‍ തമ്പി (2) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദര്‍ഷന്‍ നീലകണ്ടേയാണ് വിദര്‍ഭയ്ക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.