ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിൻ്റെ ജോലിഭാരം നിയന്ത്രിക്കാൻ സെലക്ഷൻ കമ്മിറ്റി ആഗ്രഹിക്കുന്നതിനാൽ ബംഗ്ലാദേശിനെതിരെ ഒക്ടോബറിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കും എന്ന് റിപ്പോർട്ടുകൾ. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി നമ്പർ 3 പൊസിഷനിലാണ് ഗിൽ കളിക്കുന്നത്. തുടർച്ചയായ ടെസ്റ്റ് പരമ്പരകൾ വരാനിരിക്കെ ഗിൽ ഇന്ത്യയുടെ ഏറ്റവും പ്രധാന താരങ്ങളിൽ ഒരാളാണ്.
ന്യൂസിലൻഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര മുൻനിർത്തി ടി 20 പരമ്പരയിൽ ഗില്ലിന് പുറമെ ഫാസ്റ്റ് ബൗളർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെയും പരിഗണിക്കില്ല. ഒക്ടോബർ 7 (ഗ്വാളിയോർ), 10 (ഡൽഹി), 13 (ഹൈദരാബാദ്) എന്നീ തീയതികളിൽ മത്സരങ്ങൾ നടക്കും. കിവിസിനെതിരായ ആദ്യ ടെസ്റ്റ് ഒക്ടോബർ 16 ന് ആരംഭിക്കും.
“പരമ്പരകൾ തമ്മിൽ വലിയ ഇടവേളയില്ല. അതിനാൽ ഗിൽ വിശ്രമിക്കേണ്ടത് പ്രധാനമാണ്.” ബിസിസിഐയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
Read more
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആണ് ഇന്ത്യയെ സംബന്ധിച്ച് പ്രധാനം. അതിനാൽ തന്നെ ടി 20 പരമ്പരകൾക്ക് ഇന്ത്യ വലിയ രീതിയിൽ പ്രാധാന്യം നൽകില്ല. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവർ ഇതിനോടകം തന്നെ ടി 20 യിൽ നിന്ന് വിരമിച്ചു. ചുരുക്കി പറഞ്ഞാൽ കൂടുതൽ പുതുമുഖങ്ങൾക്ക് ഫോർമാറ്റിൽ അവസരം കിട്ടുമെന്ന് ഉറപ്പിക്കാം.