2007 നു ശേഷം ലോക വേദിയില്‍ ഓസ്‌ട്രേലിയ 4 കിരീടങ്ങള്‍ നേടിയപ്പോള്‍ ഒരു കളിക്കാരന്‍ ഒരു തവണ ക്യാപ്റ്റന്‍ ആയി അടക്കം 4 തവണയും ലോക കപ്പ് മെഡല്‍ നേടി എന്ന് പറയുമ്പോള്‍ അത് ഒരു അത്യപൂര്‍വ നേട്ടമാണെന്ന് പറയേണ്ടി വരും.
ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയ ന്യൂസിലണ്ടിനെ തകര്‍ത്ത് തങ്ങളുടെ ആദ്യ കുട്ടി ക്രിക്കറ്റ് കിരീടം നേടുമ്പോള്‍ ഓര്‍മ്മ വരുന്നത് 11 വര്‍ഷം മുന്‍പ് 2010 ല്‍ ന്യൂസിലണ്ടില്‍ നടന്ന U- 19 ലോക കപ്പിലെ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരമാണ്. അന്നും എതിരാളികള്‍ ഇതേ ടീമുകള്‍ തന്നെയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് കുട്ടികള്‍ക്ക് 12 റണ്‍സിനിടെ ആദ്യ വിക്കറ്റ് നഷ്ടമായപ്പോള്‍ രണ്ടാമനായി ഇറങ്ങിയത് അവരുടെ നായകന്‍ ആയിരുന്നു. ഒടുവില്‍ ടീം സ്‌കോര്‍ 232/8 ലെത്തിച്ച നായകന്‍ നേടിയത് 59 പന്തില്‍ 7 ഫോറടക്കം 53 റണ്‍ .ഈ T20 ലോകകപ്പ് ഫൈനലില്‍ കളിച്ച ജിമ്മി നീഷമിന്റെ ടീമിനെ തോല്‍പ്പിച്ച് ഹേസല്‍വുഡ് അടങ്ങിയ ഓസീസ് ടീം 62 റണ്‍സിന് തോല്‍പ്പിച്ചപ്പോള്‍ മാന്‍ ഓഫ് ദ മാച്ച് നായകന്‍ തന്നെയായിരുന്നു. അന്ന് കിവീസിനെ വധിച്ചപ്പോഴാണ് അന്നത്തെ നായകന്‍ മിച്ചല്‍ മാര്‍ഷ് എന്ന പേര് ലോക ക്രിക്കറ്റില്‍ ആദ്യം പതിഞ്ഞത്.
അന്ന് ഫൈനലില്‍ ഇത്തവണത്തെ സെമിയില്‍ പരാജയപ്പെടുത്തിയ പാകിസ്ഥാനെ 25 റണ്‍സിന് പരാജയപ്പെടുത്തി അയാള്‍ കിരീടമുയര്‍ത്തുമ്പോള്‍ മറുവശത്ത് നിരാശനായ കുഞ്ഞ് ബാബര്‍ അസമുണ്ടായിരുന്നു.
ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. ന്യുസിലന്‍ഡിനെതിരെ 18 റണ്‍സിന് ആദ്യ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ വണ്‍ ഡൗണ്‍ പൊസിഷനില്‍ ഇറങ്ങിയത് അന്നത്തെ അതേ താരമായിരുന്നു. ഒടുവില്‍ ആരോണ്‍ ഫിഞ്ചിന്റെ ടീമിന് വിജയം നേടിക്കൊടുക്കുമ്പോള്‍ 50 പന്തില്‍ 6 ഫോറും 4 സിക്‌സറും പറത്തിയ മിച്ചല്‍ മാര്‍ഷ് ഒരിക്കല്‍ കൂടി കളിയിലെ കേമനായി ദേശീയ ഹീറോ ആയി .
മാര്‍ഷിന് ഇത് ഒരു രണ്ടാം ജന്മമാണ്. 1987 ല്‍ തങ്ങളുടെ ആദ്യ ഏകദിന ലോകകപ്പ് കിരീടം നേടുമ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ പിതാവ് ജെഫ് മാര്‍ഷ് ആണെങ്കില്‍ T20 കിരീടത്തില്‍ ആദ്യ മുത്തമിടുമ്പോള്‍ സെമിയിലും ഫൈനലിലുമടക്കം വിജയങ്ങളുടെ കാര്‍മികനായത് മകന്‍ മിച്ചല്‍ ആണെന്നത് ഒരു ചരിത്ര നിയോഗമാകാം.
ക്രിക്കറ്റ് എന്ന ഗെയിമിനെപ്പോലെ തന്നെ പ്രവചനാതീതമാണ് അതിലെ കളിക്കാരുടെ ഭാവിയും എന്നു തോന്നാറുണ്ട്. ഓസീസ് പാരമ്പര്യമെടുത്താല്‍ തന്നെ അവരുടെ ചരിത്രത്തിലെ തന്നെ എലിഗന്റ് ആന്‍ഡ് സ്‌റ്റൈലിഷ് എന്ന് വിശേഷിക്കപ്പെടുന്ന മാര്‍ക് വോ യ്‌ക്കൊപ്പം നില്‍ക്കാവുന്ന പ്രതിഭ ഇല്ലാഞ്ഞിട്ടും കരിയറിന്റെ അവസാന ലാപ്പുകളിലടക്കം നായകനാകാനും ചരിത്രപുരുഷനാകാനും നിയോഗം സ്റ്റീവ് വോയ്ക്കായിരുന്നു.
മിച്ചലിലേക്ക് പോകുമ്പോള്‍ 30 വയസിലേക്കെത്തുന്നതിനിടെ അയാളുടെ സഹോദരന്‍ ഷോണ്‍ മാര്‍ഷ് കാണിച്ച മിന്നലാട്ടങ്ങള്‍ക്കിടയില്‍ ബാറ്റ് കൊണ്ടും പന്തു കൊണ്ടും മികവ് കാണിക്കുമ്പോഴും മിച്ചല്‍ ഒരു നിഴല്‍ മാത്രമായിരുന്നു. IPL ലടക്കം ഷോണ്‍ മാര്‍ഷ് കാണിച്ച ബ്രില്യന്‍സ് പക്ഷെ പ്രതീക്ഷിച്ച പോലെ നിലനിര്‍ത്താന്‍ പറ്റാതെ പോകുമ്പോള്‍ മിച്ചല്‍ തന്റെ മിന്നലാട്ടങ്ങളെ അടുത്ത തലത്തിലേക്കുയര്‍ത്തുകയാണ്.
32 ടെസ്റ്റുകളിലെ 2 സെഞ്ച്വറികളും 3 അര്‍ദ്ധ സെഞ്ച്വറികളും 42 വിക്കറ്റുകളും 63 ഏകദിനങ്ങളിലെ ഒരു ശതകവും 12 അര്‍ധശതകവും 50 വിക്കറ്റുകളും 36 T20 മാച്ചുകളിലെ 6 അര്‍ദ്ധശതകവും 15 വിക്കറ്റുകളും തീര്‍ച്ചയായും ഓള്‍റൗണ്ട് മികവുകള്‍ക്ക് സാക്ഷ്യപത്രമാണെങ്കിലും ഓസീസ് പോലൊരു ടീമില്‍ അയാള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കൂടുതല്‍ സ്ഥിരത വേണമായിരുന്നു.
Read more
പോണ്ടിംഗിനും ഹെയ്ഡനും ഗില്ലിക്കും ഒന്നും നേടാന്‍ പറ്റാത്ത ഒരു T20 കിരീടം കംഗാരുപ്പടക്ക് നേടുമ്പോള്‍ സെമിയിലും ഫൈനലിലും മിച്ചല്‍ നടത്തിയ മിന്നലാട്ടങ്ങള്‍ ഓസീസ് ക്രിക്കറ്റിലെ സുവര്‍ണ ഏടായി തന്നെ നിലനില്‍ക്കും .