ടി 20 ലോക കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നമീബിയയെ 9 വിക്കറ്റിന് തകര്‍ത്താണ് സെമി കാണാതെ പുറത്തായ ഇന്ത്യ നാട്ടിലേക്ക് മടങ്ങുന്നത്. രവി ശാസ്ത്രിയുടെ പരിശീലകനായുള്ള അവസാനത്തേതും കോഹ്‌ലിയുടെ ടി20 നായകനായുള്ള അവസാനത്തെയും മത്സരമായിരുന്നു ഇത്. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ വിജയമുറപ്പിച്ച സമയത്ത് മൂന്നാമനായി ബാറ്റിംഗിനറങ്ങാന്‍ അവസരം ലഭിച്ചിട്ടും കോഹ്‌ലി അതിന് മുതിര്‍ന്നില്ല. പകരം സൂര്യകുമാര്‍ യാദവിനെയാണ് ആ സ്ഥാനത്ത് ഇറക്കിയത്. അതിന് കോഹ്‌ലി പറഞ്ഞ കാരണമാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്.
‘ഈ ലോക കപ്പില്‍ സൂര്യകുമാര്‍ യാദവിന് ബാറ്റ് ചെയ്യാന്‍ അധികം അവസരം ലഭിച്ചില്ല. ഇത് അവന്റെ ആദ്യ ലോക കപ്പാണ്. ഈ ലോക കപ്പില്‍ നിന്നും നല്ല ഓര്‍മ്മകള്‍ കിട്ടാനാണ് അവന് അവസരം നല്‍കിയത്’ കോഹ്‌ലി മത്സരശേഷം പറഞ്ഞു.
മത്സരത്തില്‍ സൂര്യകുമാര്‍ 19 പന്തില്‍ 4 ഫോര്‍ സഹിതം 25 റണ്‍സ് നേടി പുറത്താകാതെ നിന്നു രാഹുലിനൊപ്പം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. നമീബിയ മുന്നോട്ടുവെച്ച 133 റണ്‍സിന്റെ വിജയലക്ഷ്യം 28 ബോള്‍ ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഓപ്പണര്‍മാരുടെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.
Read more
രോഹിത് 37 ബോളില്‍ രണ്ട് സിക്സിന്റെയും ഏഴ് ഫോറിന്റെയും അകമ്പടിയില്‍ 56 റണ്‍സെടുത്തു. രാഹുല്‍ 36 ബോളില്‍ രണ്ട് സിക്സിന്റെയും നാല് ഫോറിന്റെയും അകമ്പടിയില്‍ 54 റണ്‍സെടുത്തു പുറത്താകാതെ നിന്നു.