ടി20 ലോകകപ്പ് 2024: ഓസ്‌ട്രേലിയ ഫൈനല്‍ കളിക്കും, പക്ഷെ എതിരാളി ഇന്ത്യയായിരിക്കില്ല; ഞെട്ടിക്കുന്ന പ്രവചനവുമായി നഥാന്‍ ലിയോണ്‍

ജൂണില്‍ അമേരിക്കയും (യുഎസ്എ) വെസ്റ്റ് ഇന്‍ഡീസും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിന്റെ ഫൈനലിസ്റ്റുകളെ ഓസട്രേലിയന്‍ സ്പിന്‍ ബോളര്‍ നഥാന്‍ ലിയോണ്‍. ഒട്ടുമിക്കവരും ഇന്ത്യ, ഓസ്ട്രേലിയ ഫൈനല്‍ പ്രവചിക്കുമ്പോള്‍ അതില്‍നിന്നും വ്യത്യസ്തമായ പ്രവചനമാണ് താരം നടത്തിയത്.

2024ലെ ടി20 ലോകകപ്പുമായി ബന്ധപ്പെട്ടുള്ള എന്റെ പ്രവചനം ഇതാണ്. ഓസ്ട്രേലിയ തീര്‍ച്ചയായും ഫൈനലിലുണ്ടാവും. എനിക്ക് സ്വാഭാവികമായും അവരിലേക്ക് അല്‍പ്പം ചായ്വുണ്ടാകും.

രണ്ടാമത് ഞാന്‍ പാകിസ്ഥാനൊപ്പമാണ്. അവര്‍ക്ക് മികച്ച സ്പിന്‍ ബോളര്‍മാരുണ്ട്. അതോടൊപ്പം ബാബര്‍ ആസമിനെപ്പോലെ മികച്ച ബാറ്റര്‍മാരുമുണ്ട്- ലിയോണ്‍ എക്സില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

ജൂണ്‍ 2ന് ഡാലസിലെ ഗ്രാന്‍ഡ് പ്രെയറി സ്റ്റേഡിയത്തില്‍ യു.എസ്.എയും കാനഡയും തമ്മില്‍ ഉദ്ഘാടന മത്സരം നടക്കും. ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു, ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ എട്ട് ഘട്ടത്തിലേക്ക് മുന്നേറും.

സൂപ്പര്‍ എട്ട് പിന്നീട് രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പുകളില്‍നിന്നും ലീഡ് ചെയ്യുന്ന രണ്ട് ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും. ജൂണ്‍ 29 ന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലിലാണ് ഫൈനല്‍.