ടി20 ലോകകപ്പ് 2024: 'പാകിസ്ഥാനെതിരെ കണ്ടത് ഇന്ത്യയുടെ അഹങ്കാരം, അല്‍പ്പം ബഹുമാനം കാണിക്കാമായിരുന്നു'; വിമര്‍ശിച്ച് ഗവാസ്‌കര്‍

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ മാജിക്കല്‍ വിജയം നേടിയിട്ടും ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ മോശം സമീപനമാണ് ഗവാസ്‌കറിനെ ചൊടിപ്പിച്ചത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ 150 റണ്‍സ് എങ്കിലും നേടാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായിരുന്നു. എന്നാല്‍ ഒരോവര്‍ ബാക്കിയാക്കി ഇന്ത്യ ഓള്‍ഔട്ടായി.

ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ അഹങ്കാരമാണ് പാകിസ്ഥാനെതിരേ കണ്ടത്. അവര്‍ നേരിട്ടത് അയര്‍ലന്‍ഡ് ബോളര്‍മാരെയല്ല. അയര്‍ലന്‍ഡിനോടുള്ള ബഹുമാനക്കുറവല്ല. പക്ഷെ പാകിസ്ഥാനെപ്പോലെ ശക്തമായ ബോളിംഗ് കരുത്തുള്ള ടീമിനെ നേരിടുമ്പോള്‍ അല്‍പ്പം കൂടി ബഹുമാനം കാണിക്കാമായിരുന്നു- സ്റ്റാര്‍ സ്പോര്‍ട്സില്‍ സംസാരിക്കവെ ഗവാസ്‌കര്‍ പറഞ്ഞു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കോഹ്ലിയും രോഹിത്തുമടങ്ങുന്ന ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിര ദയനീയമായി തകര്‍ന്നിടിയുന്ന കാഴ്ചയാണ് കാണാനായത്. ഒടുക്കം 19-ഓവറില്‍ 119-ന് ഇന്ത്യ ഓള്‍ഔട്ടായി. ഋഷഭ് പന്തിന്റെ പോരാട്ടമാണ് ഇന്ത്യയെ നാണക്കേടില്‍നിന്നും രക്ഷിച്ചത്.

42 റണ്‍സെടുത്ത ഋഷഭ് പന്താണ് ടീമിന്റെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ്മ 13, വിരാട് കോഹ്ലി 4, അക്സര്‍ പട്ടേല്‍ 20, സൂര്യകുമാര്‍ യാദവ് 7, ശിവം ദുബൈ 3, രവീന്ദ്ര ജഡേജ 0, അര്‍ഷ്ദീപ് സിംഗ് 9, ജസ്പ്രീത് ബുംറ 0, മുഹമ്മദ് സിറാജ് 7 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

പാകിസ്ഥാനായി നസീം ഷായും ഹാരിസ് റൗഫും മൂന്ന് വീതം വിക്കറ്റെടുത്തു. മുഹമ്മദ് ആമിര്‍ രണ്ടും ഷഹീന്‍ അഫ്രീദി ഒരു വിക്കറ്റും വീഴ്ത്തി.

Read more