ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ ബംഗ്ലാദേശ് താരം ഷക്കീബ് അല്‍ ഹസന് കടുത്ത വിമര്‍ശനത്തിന് വിധേയനാകുയിരുന്നു. മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ശ്രീലങ്കയ്ക്കെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം എട്ട്, മൂന്ന് റണ്‍സ് നേടി മടങ്ങി. എന്നിരുന്നാലും, ഷക്കീബ് നെതര്‍ലന്‍ഡ്സിനെതിരെ തന്റെ ക്ലാസ് കാണിച്ചു. 46 പന്തില്‍ 64 റണ്‍സ് അടിച്ച് തന്റെ രാജ്യത്തിന് എന്ത് വിലകൊടുത്തും വിജയിക്കേണ്ട ഒരു മത്സരത്തില്‍ അദ്ദേഹം തിളങ്ങി.
എന്നിരുന്നാലും, ടി20 ലോകകപ്പില്‍ തന്റെ രാജ്യത്തിനായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്താത്തതിന് വീരേന്ദര്‍ സെവാഗ് ഷക്കീബിന് നേരെ ആഞ്ഞടിച്ചു. ക്രിക്ബസ് ഷോയില്‍ സംസാരിക്കവെ, താരം സ്വയം ലജ്ജിക്കണമെന്നും ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കണമെന്നും സെവാഗ് പറഞ്ഞു.
നിങ്ങള്‍ വളരെ പരിചയസമ്പന്നനായ കളിക്കാരനാണ്, നിങ്ങള്‍ മുമ്പ് ക്യാപ്റ്റനായിരുന്നു. എന്നാല്‍ നിങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ എങ്ങനെയാണ്. നിങ്ങള്‍ക്ക് സ്വയം ലജ്ജ തോന്നുകയും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും വേണം- എന്നാണ് സെവാഗ് പറഞ്ഞത്
മത്സരശേഷം, സെവാഗിന്റെ അഭിപ്രായക്കെക്കുറിച്ച് ഷക്കീബിനോട് ചോദിച്ചപ്പോള്‍, കളിക്കളത്തിലെ പ്രകടനത്തിലൂടെ ഒരു കളിക്കാരന് തന്റെ വിമര്‍ശകര്‍ക്ക് എപ്പോഴും മറുപടി നല്‍കണമെന്നാണ് താന്‍ കരുതുന്നതെന്ന് താരം പറഞ്ഞു.
മറ്റൊരാള്‍ക്ക് ഉത്തരം നല്കാന് വേണ്ടി ഒരു കളിക്കാരനും ഒരിക്കലും കളിക്കില്ല. ഒരു കളിക്കാരന്റെ ചുമതല അവന് ബാറ്ററാണെങ്കില്‍ ബാറ്റ് ചെയ്യുക, ടീമിന് സംഭാവന നല്‍കുക, ഒരു ബോളറാണെങ്കില്‍ നന്നായി ബോള്‍ ചെയ്യുക. വിക്കറ്റുകള്‍ ചിലപ്പോള്‍ ഭാഗ്യത്തെ ആശ്രയിച്ചിരിക്കുന്നു, അവന് ഒരു ഫീല്‍ഡറാണെങ്കില്‍ റണ്‍സ് ലാഭിക്കുക, വരുന്ന ക്യാച്ചുകള്‍ എടുക്കുക.
ഇവിടെ ആരോടും ഉത്തരം പറയാന്‍ ഒന്നുമില്ല. നിലവിലെ ഒരു കളിക്കാരന് അവനില്‍നിന്ന് പ്രതീക്ഷിക്കുന്നത്ര ടീമിലേക്ക് സംഭാവന നല്കാന് കഴിയാതെ വരുമ്പോള്‍ അത് സാധാരണയായി ഒരുപാട് ചോദ്യങ്ങള്‍ ക്ഷണിച്ചുവരുത്തും. അത് വളരെ മോശം കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല- ഷക്കീബ് പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് നേപ്പാളിനെ നേരിടും.