ടീം ഇന്ത്യയുടെ പുതിയ നായകന്‍; വ്യക്തമായ സൂചന നല്‍കി ജയ് ഷാ

രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനാകാനുള്ള സാധ്യത ചര്‍ച്ച ചെയ്ത് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത് ശര്‍മ്മ ശനിയാഴ്ച ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് മുമ്പ് രോഹിത് ലഭ്യമല്ലാതിരുന്നപ്പോള്‍ മാത്രമാണ് ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്നത്.

രോഹിത്തിന് പകരം ഹാര്‍ദിക് പാണ്ഡ്യയെ സ്ഥിരം നായകനാക്കുന്നത് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ രോഹിതിന്റെ പകരക്കാരനെ സെലക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ പ്രഖ്യാപിക്കൂവെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.

സെലക്ടര്‍മാരുമായി ആലോചിച്ച ശേഷം ക്യാപ്റ്റനെ പ്രഖ്യാപിക്കും. ഹാര്‍ദിക്കിനെക്കുറിച്ച്, അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു. പക്ഷേ ഞങ്ങളും സെലക്ടര്‍മാരും അവനിലുള്ള വിശ്വാസം നിലനിര്‍ത്തി. ഒടുവില്‍ അദ്ദേഹം ആ വിശ്വാസത്തെ സാധൂകരിച്ചു- ഷാ പറഞ്ഞു.

ടി20 ലോകകപ്പ് വിജയത്തിന് ശേഷം, ഇന്ത്യ സിംബാബ്വെയ്ക്കെതിരായ 5 മത്സര ടി20 പരമ്പര ആരംഭിക്കും. ഇത് ജൂലൈ 6 ന് ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ ആരംഭിക്കും. നിരവധി പ്രധാന കളിക്കാരുടെ അഭാവത്തില്‍, ഈ ഉഭയകക്ഷി പര്യടനത്തിന്റെ ക്യാപ്റ്റന്‍സി ചുമതലകള്‍ ശുഭ്മാന്‍ ഗില്ലിനെ ഏല്‍പ്പിച്ചു. റിങ്കു സിംഗ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്കൊപ്പം ഗില്ലും ലോകകപ്പ് പ്രചാരണ വേളയില്‍ ഇന്ത്യയുടെ റിസര്‍വ് താരങ്ങളായിരുന്നു.

സിംബാബ്വെ പര്യടനത്തിന് ശേഷം, 3 മത്സരങ്ങളുടെ ടി20 പരമ്പര കളിക്കാന്‍ മെന്‍ ഇന്‍ ബ്ലൂ ഈ മാസം അവസാനം ശ്രീലങ്കയിലേക്ക് പോകും. ഈ വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ക്യാപ്റ്റനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഹാര്‍ദിക് പാണ്ഡ്യ നിരവധി അവസരങ്ങളില്‍ മെന്‍ ഇന്‍ ബ്ലൂ ടീമിനെ നയിച്ചിട്ടുണ്ട്. അതില്‍ 16 ടി20 മത്സരങ്ങളില്‍ 10-ലും ഇന്ത്യ വിജയിച്ചു. 3 ഏകദിന മത്സരങ്ങളുടെ ക്യാപ്റ്റനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.