ആ ഇന്ത്യൻ താരം ചങ്ക് തകർന്ന് നിൽക്കുകയാണ്, അവനെ എല്ലാവരും ചേർന്ന് പറ്റിച്ചു: സഞ്ജയ് ബംഗാർ

രോഹിത് ശർമ്മ ടി20യിൽ നിന്ന് വിരമിച്ചതിന് ശേഷം ഹാർദിക് പാണ്ഡ്യ ഇന്ത്യയുടെ പുതിയ ടി20 ഐ ക്യാപ്റ്റൻ ആകേണ്ടതായിരുന്നുവെന്ന് മുൻ ഇന്ത്യൻ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാർ അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ പുതിയ ടി20 ഐ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ തിരഞ്ഞെടുക്കുമെന്ന് പലരും കരുതിയിരുന്നില്ല. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഹാർദികിനെ ഒഴിവാക്കി സൂര്യകുമാർ നായകൻ ആകുക ആയിരുന്നു.

2024-ലെ ടി20 ലോകകപ്പിൽ രോഹിത് ശർമ്മ ടീമിനെ കിരീടത്തിലേക്ക് നയിച്ചപ്പോൾ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു ഹാർദിക് പാണ്ഡ്യ. ഫൈനലിന് ശേഷം രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചു, ഹാർദിക് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ റോൾ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാൽ ഒരു വലിയ അമ്പരപ്പോടെ, സെലക്ടർമാരും പുതിയ ഹെഡ് കോച്ച് ഗൗതം ഗംഭീറും ഇന്ത്യയുടെ പുതിയ ടി20 ഐ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തു. റിപ്പോർട്ടുകൾ പ്രകാരം, ഹാർദിക്കിൻ്റെ ഫിറ്റ്‌നസ് സംബന്ധിച്ച് സെലക്ടർമാർക്ക് ആശങ്ക ഉണ്ടായിരുന്നു. അതോടെ ഹാർദിക്കിൻ്റെ ജോലിഭാരം നിയന്ത്രിക്കാൻ സെലക്ടർമാർ ആഗ്രഹിച്ചു, ഇത് സൂര്യകുമാർ യാദവിൽ സുരക്ഷിതമായ ഓപ്ഷൻ തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിച്ചു.

സ്റ്റാർ സ്‌പോർട്‌സിലെ ‘ഫോളോ ദ ബ്ലൂസ്’ ഷോയിൽ സംസാരിക്കവെ, ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തതിൻ്റെ തീരുമാനത്തെക്കുറിച്ച് സഞ്ജയ് ബംഗാർ തുറന്നു പറഞ്ഞു. സൂര്യകുമാർ യാദവിന് ആഭ്യന്തര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ മതിയായ പരിചയമുണ്ടെങ്കിലും നേരത്തെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയോട് അനീതി നടന്നിട്ടുണ്ടെന്ന് ബംഗാർ പറഞ്ഞു.

“അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നതിന് മുമ്പ് സൂര്യകുമാറിന് നല്ല രീതിയിൽ ഉള്ള ആഭ്യന്തര ക്രിക്കറ്റ് പരിചയം കിട്ടിയിട്ടുണ്ട്. അതിനാൽ സൂര്യകുമാറിനെ ക്യാപ്റ്റനാക്കിയതിൽ തെറ്റൊന്നുമില്ല. അദ്ദേഹം നന്നായി പ്രവർത്തിക്കുമെന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു, പക്ഷേ ഇപ്പോഴും ഹാർദിക്കിനോട് ചെറിയ അനീതി ഉണ്ടായതായി എനിക്ക് തോന്നുന്നു,” മുൻ ഇന്ത്യൻ ഓൾറൗണ്ടർ പറഞ്ഞു.

ഇത്രയും അനുഭവ പരിചയം ഉണ്ടായിട്ടും രാജ്യത്തെ നയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നത് ഹാർദിക് പാണ്ഡ്യയെ വേദനിപ്പിക്കുമെന്നും ബംഗാർ കൂട്ടിച്ചേർത്തു.

“ഒരു കളിക്കാരൻ എന്ന നിലയിൽ, സെലക്ടർമാർ എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്നും പുതിയ പരിശീലകൻ എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്നും നിങ്ങൾ എല്ലായ്പ്പോഴും മനസ്സിലാക്കുന്നു, എന്നാൽ തന്നെ ടി20 നായകസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ഹാർദിക്കിനെ ആഴത്തിൽ വേദനിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. “അദ്ദേഹം പ്രസ്താവിച്ചു.

ഇതുവരെ 16 ടി20 മത്സരങ്ങളിൽ ഹാർദിക് പാണ്ഡ്യ ഇന്ത്യയെ നയിച്ചിട്ടുണ്ട്, അതിൽ 10 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. മറുവശത്ത്, സൂര്യകുമാർ യാദവ് ഇതുവരെ ഏഴ് ടി20 കളിൽ ഇന്ത്യയെ നയിച്ചു, അതിൽ അഞ്ചെണ്ണം വിജയിച്ചു. ജൂലൈ 27 ന് ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയാണ് സൂര്യകുമാർ യാദവിൻ്റെ ആദ്യ അസൈൻമെൻ്റ്.