"സഞ്ജുവിന് നിർണായകമായത് ആ ഒരു തീരുമാനമാണ്"; മുൻ മലയാളി അമ്പയറുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വെടിക്കെട്ട് പ്രകടനം നടത്തുന്ന താരമായി മാറിയിരിക്കുകയാണ് മലയാളിയായ സഞ്ജു സാംസൺ. 2015 മുതൽ ഇന്ത്യൻ ടീമിൽ ഉണ്ടെങ്കിലും ഈ വർഷമാണ് താരത്തിന്റെ കരിയറിന് ഗുണകരമായി മാറിയ വർഷം. അവസാനം കളിച്ച അഞ്ച് ടി-20 പരമ്പരയിൽ നിന്ന് 3 തകർപ്പൻ സെഞ്ച്വറി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

രോഹിത് ഒഴിഞ്ഞ് പോയ ഓപ്പണിങ് സ്ഥാനം ഇനി മലയാളി താരത്തിന് സ്വന്തം എന്നാണ് ആരാധകരുടെ വിലയിരുത്തൽ. സാധാരണയായി ഇന്ത്യൻ ടീമിൽ മിഡിൽ ഓർഡർ ബാറ്റ്‌സ്മാനായിട്ടാണ് സഞ്ജു ഇറങ്ങിയിരുന്നത്. എന്നാൽ രാജസ്ഥാൻ റോയൽസിൽ വൺ ഡൌൺ ബാറ്റ്‌സ്മാനായി ഇറങ്ങിയത് കൊണ്ട് താരത്തിന്റെ ആ നിർണായക നീക്കം ഗുണകരമായി എന്ന് പറഞ്ഞിരിക്കുകയാണ് മുൻ അമ്പയർ കെ എൻ രാഘവൻ.

കെ എൻ രാഘവൻ പറയുന്നത് ഇങ്ങനെ:

“ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനമേറ്റെടുത്തതു മുതല്‍ സഞ്ജു സാംസണിന്റെ കരിയര്‍ വേറെ ലെവലിലേക്കു മാറി. സഞ്ജു എല്ലായ്‌പ്പോഴും നന്നായിട്ട് പെര്‍ഫോം ചെയ്യുന്ന പ്ലെയറാണ്. എന്നാല്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തതിനു ശേഷം അതു വേറെ ലെവലിലേക്കു എത്തുകയും ചെയ്തു. ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇപ്പോള്‍ തന്റെ സ്ഥാനവും ഉറപ്പിച്ചിരിക്കുകയാണ്. ദേശീയ ടീമില്‍ അദ്ദേഹത്തിനു വേണ്ടത്ര അവസരങ്ങള്‍ കിട്ടുന്നില്ലെന്നും, ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നും നമുക്ക് നേരത്തേ ആശങ്കയുണ്ടായിരുന്നു”

കെ എൻ രാഘവൻ തുടർന്നു:

“രാജസ്ഥാന്‍ റോയല്‍സില്‍ വണ്‍ഡൗണായി ബാറ്റ് ചെയ്യാന്‍ ആരംഭിച്ചതിനു ശേഷമാണ് സഞ്ജു സാംസണിന്റെ കരിയറില്‍ വലിയ മാറ്റം സംഭവിച്ചത്. സഞ്ജു നേരത്തേ മധ്യ ഓവറുകളിലാണ് ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. റോയല്‍സിനു വേണ്ടിയാണ് അദ്ദേഹം വണ്‍ഡൗണായി കളിക്കാന്‍ ആരംഭിച്ചത്. മധ്യനിരയില്‍ ബാറ്റ് ചെയ്യുമ്പോള്‍ ടി20യില്‍ ഒരു താരത്തിനു വേണ്ടത്ര അവസരങ്ങള്‍ കിട്ടില്ല. കാരണം ടി20യില്‍ 10 ഓവറുകള്‍ക്കു ശേഷം ഒരാള്‍ ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ആകെ 10 ഓവറുകള്‍ മാത്രമേ ബാക്കിയുണ്ടാവുകയുള്ളൂ. അതുകൊണ്ടു തന്നെ ഒരു മധ്യനിര ബാറ്റര്‍ എല്ലായ്‌പ്പോഴും സമ്മര്‍ദ്ദത്തിലായിരിക്കുകയും ചെയ്യും” കെ എൻ രാഘവൻ പറഞ്ഞു.