ആ സൂപ്പർ താരം ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ എല്ലാ മത്സരങ്ങളും കളിക്കില്ല, ഇന്ത്യ ആ തീരുമാനം എടുക്കും; വമ്പൻ വെളിപ്പെടുത്തലുമായി പരാസ് മാംബ്രെ

ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25ൽ, ഇന്ത്യയുടെ കുന്തുമുന ആയി വിശേഷിപ്പിക്കുന്നത് ജസ്പ്രീത് ബുംറയെയാണ്. താരത്തിന്റെ ബോളിങ് അതിന്റെ അത്യുന്നതയിൽ എത്തിയാൽ ഇന്ത്യക്ക് ആശ്വാസവും ഓസ്‌ട്രേലിയക്ക് അത് പണിയുമാകും.

അഞ്ച് മത്സരങ്ങളുള്ള ഒരു ടെസ്റ്റ് പരമ്പരയിൽ, ജസ്പ്രീത് ബുംറയുടെ തളരാത്ത പേസും ആക്രമണോത്സുകമായ ബൗളിംഗ് ശൈലിയും അദ്ദേഹത്തിൻ്റെ ശരീരത്തിൽ വലിയ സമ്മർദ്ദം ചെലുത്തിയപ്പോൾ, ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യയുടെ എയ്‌സ് പേസറിന് വർക്ക് ലോഡ് മാനേജ്മെന്റ് ഇന്ത്യ ശ്രദ്ധിക്കണം എന്നും അല്ലെങ്കിൽ താരത്തിനും ടീമിനും അത് പണിയാകുമെന്നും പറഞ്ഞിരിക്കുകയാണ് പരാസ് മാംബ്രെ.

ബുംറയെ പോലെ ഒരു ബോളർ ഫിറ്റ്നസിൽ നീതി പുലർത്തി കളിക്കണമെങ്കിൽ അദ്ദേഹത്തിന്റെ വർക്ക് ലോഡ് മാനേജ്മെന്റ് കാര്യത്തിൽ കൃത്യമായ പ്ലാനും പദ്ധതിയും വേണമെന്നാണ് മുൻ ബോളിങ് പരിശീലകൻ പറഞ്ഞത്. ജസ്പ്രീത് ബുംറയുടെ പ്രകടന നിലവാരം നിലനിർത്താനും മികവ് കാണിക്കാനും ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ടീം മാനേജ്‌മെൻ്റും തന്ത്രപരമായ തീരുമാനങ്ങൾ എടുക്കാനും ശരിയായ നിമിഷങ്ങൾ തിരഞ്ഞെടുക്കാനും സമർത്ഥരായിരിക്കണമെന്നും മാംബ്രെ നിർദ്ദേശിച്ചു. .

പരസ് മാംബ്രെ പറഞ്ഞത് ഇങ്ങനെ:” ജോലിഭാരം കൈകാര്യം ചെയ്യുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഞങ്ങളുടെ കാലഘട്ടത്തിലും ഇതും ഉണ്ട്. അത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇംഗ്ലണ്ടിലേക്ക് നോക്കിയാൽ ഒരു ടെസ്റ്റ് മത്സരം നഷ്ടപ്പെടുത്തേണ്ടി വന്നു. ഇതേ രീതിയിൽ തന്നെ ഓസ്‌ട്രേലിയൻ പര്യടനത്തിലും തുടരും എന്നാണ് തന്റെ പ്രതീക്ഷയെന്ന് മാംബ്രെ പറഞ്ഞു.

“ബൂം 5 ടെസ്റ്റ് മത്സരങ്ങളും കളിക്കുമെന്ന് എനിക്ക് ഉറപ്പില്ല. അവൻ്റെ ശരീരത്തിന് അത് വളരെ ബുദ്ധിമുട്ടാണ്. തൻ്റെ ബൗളിങ്ങിൽ അവൻ ഒരുപാട് സ്‌ട്രെസ് എടുക്കുന്നുണ്ട്. അവൻ പന്തെറിയുന്ന ഓരോ സ്പെല്ലിലും ഓരോ ഡെലിവറിയിലും അത്ര വർക്ക് ചെയ്യുന്നുണ്ട്. അതിനാൽ, അവൻ്റെ ശരീരത്തിൽ വളരെയധികം സമ്മർദ്ദമുണ്ട്. അതിനാൽ അവന് വിശ്രമം നൽകണം.” മുൻ ബോളർ പറഞ്ഞു.