ശ്രീലങ്ക ടി20 ലോകകപ്പിൽനിന്ന് പുറത്താകലിന്റെ വക്കിൽ നിൽക്കുകയാണ്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ ശ്രീലങ്ക ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശിനോടും തോൽവി ഏറ്റുവാങ്ങി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനെ സാധിച്ചുള്ളു. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് ആറ് പന്ത് ബാക്കി നിൽക്കെ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് തുടക്കത്തിൽ പതറിയെങ്കിലും ലിറ്റൺ ദാസും തൗഹീദ് ഹൃദോയിയും കൂടി ബംഗ്ലാദേശിനെ വിജയത്തിലേക്ക് അടുപ്പിച്ചു. തൗഹീദ് ഹൃദോയി 20 ബോളിൽ 40 റൺസും ലിറ്റൺ ദാസ് 38 ബോളിൽ 36 റൺസും നേടി. ഇരുവരും പുറത്തായതിന് പിന്നാലെ മത്സരം പിന്നെയും ടൈറ്റായി. 18ആം ഓവറിൽ തുഷാര റിഷാദ് ഹൊസൈനെയും ടസ്‌കിൻ അഹമ്മദിനെയും അടുത്തടുത്ത പന്തുകളിൽ പുറത്തായതോടെ ശ്രീലങ്ക ജയം മണത്തു. അവസാന 12 പന്തിൽ 11 റൺസായിരുന്നു അവർക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. 19ആം ഓവറിന്റെ ആദ്യ പന്തിൽ മഹ്‌മൂദുള്ള ശനകയെ സിക്‌സ് പറത്തി. ഈ ഓവറിൽ തന്നെ അവർ കളിയും പൂർത്തിയാക്കി. മഹ്‌മൂദുള്ള 16 റൺസെടുത്ത് പുറത്താകാതെ നിന്നു. ലങ്കയ്ക്കായി നുവാൻ തുഷാര നാല് വിക്കറ്റ് വീഴ്ത്തി.
ബംഗ്ലാദേശ് നായകൻ നജ്മുൽ ഷാൻ്റോ വിജയം ഉറപ്പിച്ചതിൽ ആശ്വാസം പ്രകടിപ്പിച്ചു, സൂപ്പർ 8 ഘട്ടത്തിലേക്ക് ഗൗരവമായ ചുവടുവെപ്പ്. “എൻ്റെ കരിയറിൽ ഇത്തരമൊരു സമ്മർദ മത്സരം കളിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങൾ ഗെയിം ജയിച്ചതിൽ സന്തോഷമുണ്ട്,” മത്സരത്തിന് ശേഷമുള്ള സംഭാഷണത്തിൽ ഷാൻ്റോ പറഞ്ഞു.
Read more
13 പന്തിൽ ഏഴു റൺസ് മാത്രം നേടിയ ഷാൻ്റോ നിരാശപ്പെടുത്തി.