തനിക്ക് പറ്റുന്ന സ്ഥലം ബഞ്ച് തന്നെയാണ്, കിട്ടുന്ന അവസരം ഉപയോഗിക്കാതെ ഫാൻസ്‌ കിടന്ന് കരഞ്ഞിട്ട് കാര്യമില്ല; സഞ്ജു സാംസണ് വമ്പൻ വിമർശനം

ദുലീപ് ട്രോഫിയിൽ മലയാളി താരം സഞ്ജു സാംസൺ തീർത്തും നിരാശപ്പെടുത്തുന്ന ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യ എക്കെതിരെ ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഡിക്കായി അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ സഞ്ജു ആറ് പന്തിൽ അഞ്ച് റൺസ് മാത്രമെടുത്ത് പുറത്തായി. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 290 റൺസിന് മറുപടിയായി രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഡി വെറും 183 റൺസിന് പുറത്തായപ്പോൾ അതിൽ സഞ്ജുവിന്റെ പ്രകടനം ഇതിനകം തന്നെ വമ്പൻ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

ഇന്ത്യ ഡി 44 – 3 എന്ന ഘട്ടത്തിൽ ബാറ്റ് ചെയ്ത സമയത്താണ് സഞ്ജു ക്രീസിൽ എത്തിയത്. എല്ലാം കൊണ്ടും അനുകൂല സാഹചര്യം ആയിരുന്നു സഞ്ജുവിന് തിളങ്ങാൻ. മികച്ച ഒരു ബൗണ്ടറിയൊക്കെ നേടി തുടങ്ങിയെങ്കിലും അത് അധിക നേരം നീണ്ടുനിന്നില്ല എന്നത് ആരാധകർക്ക് നിരാശ സമ്മാനിച്ചു. ടീം സ്കോർ 50 കടന്നതിന് തൊട്ടു പിന്നാലെ സഞ്ജു അക്വിബ് ഖാൻറെ പന്തിൽ പ്രസിദ്ധ് കൃഷ്ണക്ക് ക്യാച്ച് നൽകി മടങ്ങി. ഇതോടെ 52-4ലേക്ക് ഇന്ത്യ ഡി കൂപ്പുകുത്തി.

റോയൽസ് ക്യാപ്റ്റൻ്റെ മോശം പ്രകടനത്തിൽ ആരാധകർ നിരാശ പ്രകടിപ്പിച്ചു. അവരിൽ നിന്നുള്ള ചില പ്രതികരണങ്ങൾ ഇതാ:

അവരിൽ ഒരാൾ എഴുതി:

“സഞ്ജു സാംസൺ ഒരു റെഡ് ബോൾ കളിക്കാരനല്ല. മോശം ഷോട്ട് സെലക്ഷൻ. വെറും 5 റൺ മാത്രം നേടി അതിദയനീയ പ്രകടനം”

“സഞ്ജു സാംസണിന് എന്താണ് കുഴപ്പമെന്ന് എനിക്കറിയില്ല. അവൻ തൻ്റെ കരിയർ സ്വയം നശിപ്പിക്കുകയാണ്. റുതുരാജ് ഗെയ്‌ക്‌വാദും ഇഷാൻ കിഷനും കാണൂ, അവർ ക്രിക്കറ്റിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുകയും അവസരം കിട്ടുമ്പോഴെല്ലാം ഓരോ തവണയും തെളിയിക്കുകയും ചെയ്യുന്നു”ഒരാൾ എഴുതി

“ഇയാൾ എന്നാണ് ഇനി പാഠങ്ങൾ പഠിക്കുക” മറ്റൊരാൾ എഴുതി.

അതേസമയം ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 115 – 1 എന്ന നിലയിൽ നിൽക്കുന്ന ഇന്ത്യ എ ക്ക് ഇപ്പോൾ തന്നെ 222 റൺ ലീഡ് ഉണ്ട്.