'കളി മാറുകയാണ്, പ്രായം ഇനി ഒരു തടസ്സമല്ല'; വലിയൊരു മുന്നറിയിപ്പുമായി പൂജാര

2024ലെ രഞ്ജി ട്രോഫിയില്‍ മികച്ച ഫോമിലാണ് ചേതേശ്വര് പൂജാര. ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവാണ് ഇതിലൂടെ താരം ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ പ്രീമിയര്‍ ആഭ്യന്തര റെഡ് ബോള്‍ മത്സരത്തില്‍ 74.78 എന്ന അതിശയിപ്പിക്കുന്ന ശരാശരിയില്‍ 10 ഇന്നിംഗ്സുകളില്‍ നിന്ന് 673 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. രാജ്കോട്ടില്‍ ജാര്‍ഖണ്ഡിനെതിരെ പുറത്താകാതെ നേടിയ 243 റണ്‍സും ഇതില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഓസ്ട്രേലിയയ്ക്കെതിരെ കെന്നിംഗ്ടണ്‍ ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് വലംകൈയ്യന്‍ ബാറ്റര്‍ ഇന്ത്യയ്ക്കായി അവസാനം കളിച്ചത്. എന്നാല്‍, 209 റണ്‍സിന് ഇന്ത്യ തോറ്റ മത്സരത്തില്‍ അദ്ദേഹത്തിന് 14, 27 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളൂ. അതിനുശേഷം, ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരുന്നത് പൂജാരയ്ക്ക് ബുദ്ധിമുട്ടായിരുന്നു. പക്ഷേ അദ്ദേഹം ഒട്ടും പ്രതീക്ഷ കൈവിടുന്നില്ല.

റെഡ് ബോള്‍ സ്‌പെഷ്യലിസ്റ്റായ താരത്തിന് നിലവില്‍ 36 വയസ്സുണ്ട്. പക്ഷേ പ്രായം ഒരു തടസ്സമല്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 41 കാരനായ ജെയിംസ് ആന്‍ഡേഴ്‌സണെ ഉദാഹരണമായി പൂജാര ചൂണ്ടിക്കാണിച്ചു. ആന്‍ഡേഴ്‌സണ്‍ ഇപ്പോഴും ഇംഗ്ലണ്ടിനായി ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ശക്തമായി തുടരുകയാണെന്ന് പൂജാര പറഞ്ഞു.

പ്രായം ഒരു സംഖ്യ മാത്രമാണെന്ന് എനിക്ക് ആത്മാര്‍ത്ഥമായി തോന്നുന്നു. 41-ാം വയസ്സില്‍ അതിവേഗം പന്തെറിയുന്ന ജെയിംസ് ആന്‍ഡേഴ്‌സന്റെ ഉദാഹരണം നിങ്ങള്‍ക്കുണ്ട്. ഇപ്പോഴും ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബൗളറാണ്. നൊവാക് ജോക്കോവിച്ച് അടുത്തിടെ പറഞ്ഞത് 35 പുതിയ 25 ആണെന്നാണ്.

കളി മാറുകയാണ്, കളിക്കാര്‍ ഫിറ്റ് ആവുന്നു. പ്രായം ഇനി ഒരു തടസ്സമല്ലെന്ന് ഞാന്‍ കരുതുന്നു. പ്രത്യേകിച്ച് ഒരു ഫോര്‍മാറ്റ് മാത്രം കളിക്കുന്ന കളിക്കാര്‍ക്ക്. അത് എന്നെ വളരെയധികം സഹായിച്ചുവെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ ടെസ്റ്റ് മാത്രമേ കളിക്കുന്നുള്ളൂ എങ്കില്‍, എനിക്ക് എന്റെ നില നിലനിര്‍ത്താന്‍ കഴിയും. ശരീരം മെച്ചപ്പെടുത്തുക, ഫിറ്റ്നസില്‍ പ്രവര്‍ത്തിക്കുന്നത് തുടരുക- ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പൂജാര പറഞ്ഞു.