ഒരു കാലത്ത് വമ്പൻ ബാറ്റർമാരെ പേടിപ്പിച്ചവൻ, ബൂട്ടഴിക്കാൻ സമയമായി എന്ന് തോന്നുന്നതായി ഇന്ത്യൻ താരം; കമൻ്ററിയിൽ പറഞ്ഞത് ഇങ്ങനെ

ഇന്ത്യൻ പേസർ ഇഷാന്ത് ശർമ ഏറെക്കാലമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി കളിച്ചിട്ടില്ല. 2021-ൽ ന്യൂസിലൻഡിനെതിരായ ഹോം ടെസ്റ്റ് പരമ്പരയിലായിരുന്നു ഇന്ത്യയ്ക്കുവേണ്ടി അദ്ദേഹം അവസാനമായി കളത്തിൽ ഇറങ്ങിയത്.

അതിനുശേഷം, ഡെൽഹിയിൽ ജനിച്ച പേസർ ദേശീയ ടീമിനായി ഒരു ഫോര്മാറ്റിലും പരിഗണിക്കപ്പെട്ടില്ല. ഇത് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് താരം വിരമിക്കൽ പ്രഖ്യാപിച്ചോ എന്ന ചോദ്യത്തിന് കാരണമായി. അതിനുള്ള ഉത്തരം ‘ഇല്ല’ എന്നാണ്, കാരണം ഇഷാന്ത് ഇപ്പോഴും അന്താരാഷ്ട്ര രംഗത്ത് നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.

എന്നിരുന്നാലും, കഴിഞ്ഞ വർഷം ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ കമൻ്ററി സമയത്ത് അദ്ദേഹം തൻ്റെ ബൂട്ട് അഴിക്കുന്നതിനെക്കുറിച്ചുള്ള സൂചനകൾ നൽകി. ഇന്ത്യക്ക് വേണ്ടി വീണ്ടും കളിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇഷാന്ത് ഇങ്ങനെ മറുപടി പറഞ്ഞു.

“ഇല്ല, എൻ്റെ ശരീരം എന്നെ പിന്തുണയ്ക്കുന്നില്ല.”

അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇപ്പോഴും ഡൽഹി ക്യാപിറ്റൽസിനായി കളിക്കുന്നുണ്ട് താരം. ഇന്ത്യൻ ടീമിൽ ഓരോ സ്ഥാനങ്ങൾക്ക് വേണ്ടിയും തകർപ്പൻ മത്സരം നടക്കുന്ന സാഹചര്യത്തിൽ മൂന്ന് ഫോർമാറ്റുകളിലും വെറ്ററൻ പേസർ ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാനുള്ള സാധ്യത വിരളമാണ്.

105 കളികളിൽ നിന്ന് 32.40 ശരാശരിയിൽ 311 വിക്കറ്റുകൾ നേടി ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ അഞ്ചാമത്തെ താരമാണ് 35-കാരൻ. 80 ഏകദിനങ്ങളും 14 ടി20 മത്സരങ്ങളും കളിച്ച ഇഷാന്ത് 123 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

2016ൽ ഓസ്‌ട്രേലിയയിൽ നടന്ന ഏകദിന പരമ്പരയ്‌ക്കിടെയാണ് പേസർ അവസാനമായി ഇന്ത്യക്കായി വൈറ്റ് ബോൾ ക്രിക്കറ്റ് കളിച്ചത്.